Monday, November 25, 2024

ഇന്ത്യയിലെ കോടതി വ്യവഹാരങ്ങള്‍ കാലത്തിനനുസരിച്ച് മാറണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ഇന്ത്യയിലെ കോടതി വ്യവഹാരങ്ങള്‍ കാലത്തിനനുസരിച്ച് മാറണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. കോവിഡ് കാലത്ത് വെര്‍ച്വല്‍ ഹിയറിംഗ് പോലുള്ള നൂതന സാങ്കേതിക വിദ്യകള്‍ കോടതികള്‍ ഉപയോഗിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്.

കോവിഡ് മഹാമാരി സമയത്ത് ജനങ്ങള്‍ക്ക് നീതി നല്‍കാന്‍ പല നൂതന സംവിധാനങ്ങളും ഉപയോഗിക്കാന്‍ നീതിന്യായ വ്യവസ്ഥ നിര്‍ബന്ധിതരായി. എന്നാല്‍, വീണ്ടും ഒരു മഹാമാരിക്കായി ജുഡീഷ്യറി കാത്തിരിക്കേണ്ടതില്ല. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിച്ചു കൊണ്ടേയിരിക്കണമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ സുപ്രീം കോടതി ഡിജിറ്റലൈസേഷന്റെ പാതയിലാണ്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ സാങ്കേതിക വിദ്യ സംയോജിപ്പിക്കുന്നത് ജുഡീഷ്യല്‍ സ്ഥാപനങ്ങളെ പൗരന്‍മാരുമായി കൂടുതല്‍ അടുപ്പിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഷാംഗ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ അംഗരാജ്യങ്ങളിലെ സുപ്രീം കോടതി ജസ്റ്റിസുമാരുടെ പതിനെട്ടാം സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.

 

Latest News