മികവുറ്റ യോദ്ധാവ്, പ്രഗത്ഭനായ ഒരു വാഗ്മി, സര്‍ഗധനനായ ഒരെഴുത്തുകാരന്‍, കഴിവുറ്റ ഒരു ഭരണാധികാരി, സമര്‍ത്ഥനായ ഒരു സംഘാടകന്‍ എന്നെല്ലാമുള്ള നിലയില്‍ ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയ ജൂലിയസ് സീസര്‍ ബി.സി. 102 ജൂലൈ 12 ാം തീയതി റോമിലെ ഒരു കുലീന കുടുംബത്തില്‍പെട്ട പ്രെയട്ടറുടെ മകനായിട്ടാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാമഹന്‍മാര്‍ക്ക് വീനസ് ദേവതയുമായി ബന്ധമുണ്ടായിരുന്നു എന്നും കഥകളുണ്ട്.
കര്‍ണീലിയയുമായുള്ള വിവാഹം
ജൂലിയസ് സീസര്‍ വിവാഹം കഴിച്ചത് പോപ്പുലര്‍ പാര്‍ട്ടിയുടെ നേതാവായ ലൂഷിയസ് കര്‍ണീലിയസ് സിന്നയുടെ മകളായ കര്‍ണീലിയെയാണ്. അന്നത്തെ ഭരണാധികാരി, സുള്ളയുടെ ശത്രുവായിരുന്നു സിന്ന. തന്റെ ശത്രുവായ സിന്നയുടെ മകളെ സീസര്‍ വിവാഹം കഴിച്ചത് സുള്ളയ്ക്ക് തീരെ രുചിച്ചില്ല. കര്‍ണീലുമായുള്ള വിവാഹബന്ധം ഒഴിയാന്‍ ഭരണാധികാരിയായ സുള്ള സീസറോട് ആജ്ഞാപിച്ചു. പക്ഷേ സീസര്‍ അതിനു വഴങ്ങിയിയില്ല സുള്ള പ്രതികാരനടപടി കൈകൊണ്ടു. സീസറിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടി. സുള്ള തന്നെ അപായപ്പെടുത്തുമെന്നറിഞ്ഞപ്പോള്‍ സീസര്‍ ഏഷ്യയിലേക്ക് പലായനം ചെയ്തു. സുള്ളയുടെ മരണശേഷമാണ് സീസര്‍ റോമില്‍ തിരിച്ചുവന്നത്.
‘സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം’
ഇംഗ്ലീഷ് ഭാഷയില്‍ പ്രചാരത്തിലുള്ള ചൊല്ലാണ് ‘സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം’ എന്നത്. റോമന്‍ ചക്രവര്‍ത്തിയായിരുന്ന ജൂലിയസ് സീസര്‍ രണ്ടാം ഭാര്യ പോംപിയയില്‍നിന്ന് വിവാഹമോചനം നേടാന്‍ പറഞ്ഞ കാരണമാണ് പഴഞ്ചൊല്ലായത്. പൊതുപ്രവര്‍ത്തകര്‍ സംശുദ്ധരായിരിക്കണം എന്നാണ് ഇതിനര്‍ഥം. ബി.സി. 67ലാണ് സീസര്‍ പോംപിയയെ വിവാഹം കഴിച്ചത്. 63ല്‍ അദ്ദേഹം റോമിലെ സഭയുടെ മുഖ്യനായി. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ പോംപിയ ഒരു സത്കാരം നടത്തി. പുരുഷന്മാര്‍ക്ക് പ്രവേശനമില്ലായിരുന്നു. പക്ഷേ, പോംപിയയെ വശീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു യുവാവ് സ്ത്രീവേഷത്തില്‍ ഉള്ളില്‍ കടന്നു, പിടിക്കപ്പെട്ടു. വിചാരണവേളയില്‍ ഇയാള്‍ക്കെതിരെ തെളിവുനല്‍കാന്‍ സീസര്‍ കൂട്ടാക്കിയില്ല. മറിച്ച്, പോംപിയയെ അദ്ദേഹം ഉപേക്ഷിച്ചു. ‘എന്റെ ഭാര്യയുടെമേല്‍ സംശയത്തിന്റെ നിഴല്‍ പോലും വീഴരുത്’ എന്നായിരുന്നു ഇതിന് അദ്ദേഹം പറഞ്ഞ കാരണം. ഈ പ്രയോഗമാണ് സീസറിന്റെ ഭാര്യ സംശയാതീതയായിരിക്കണം എന്ന ചൊല്ലിന് ആധാരം.
നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍
റോമാ സാമ്രാജ്യത്തിന് അതിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനം ലഭിച്ച വിസ്തൃതി നേടിക്കൊടുത്തത് ജൂലിയസ് സീസര്‍ ആണ്. പിതൃഭൂമിയുടെ പിതാവ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. വളരെ വിപ്ലവകരമായ പരിഷ്‌കരണങ്ങളാണ് സീസര്‍ നടപ്പിലാക്കിയിരുന്നത്. ജൂലിയന്‍ കലണ്ടര്‍ നിര്‍മ്മിക്കുന്നതിന് അദ്ദേഹം നേതൃത്വം നല്‍കി. കര്‍ഷകര്‍ക്കായി ഭൂപരിഷ്‌കരണ നിയമങ്ങളും മറ്റു സഹായങ്ങളും നല്‍കി. റോമാ റിപ്പബ്ലിക്കിലെ ഉദ്യോഗസ്ഥഭരണത്തെ ഏകീകൃത കേന്ദ്രനിയന്ത്രിത സംവിധാനത്തിലേയ്ക്ക് മാറ്റി. ഡിക്ടേറ്റര്‍ ഫോര്‍ ലൈഫ് എന്ന ഔദ്യോഗിക സംവിധാനത്തിലൂടെ അദ്ദേഹം റോമന്‍ ജനതയെ നയിച്ചു.
‘വന്നു കണ്ടു കീഴടക്കി’
ബി.സി 47 ല്‍ നടത്തിയ മധ്യ പൂര്‍വേഷ്യന്‍ തേരോട്ടത്തില്‍ പോണ്ടസ്സിലെ ഫര്‍ണ്ണാണ്ടസ് രാജാവിനെ കീഴടക്കിയപ്പോള്‍ ജൂലിയസ് സീസര്‍ പറഞ്ഞ വാചകമാണ്, ”ഞാന്‍ വന്നു, ഞാന്‍ കണ്ടു, ഞാന്‍ കീഴടക്കി”. ആക്രമണങ്ങളുടെയും യുദ്ധങ്ങളുടെയും ചരിത്രത്തിലെ പ്രശസ്തവാക്യമാണിത്. ‘ധീരന്‍ ഒരു വട്ടം മരിക്കുമ്പോള്‍ ഭീരു പലവട്ടം മരിക്കുന്നു’ എന്ന വാക്യവും ധീര യോദ്ധാവായിരുന്ന ജൂലിയസ് സീസറിന്റെ ഉദ്ധരണിയായി അറിയപ്പെടുന്നു.
സ്വന്തം കപ്പലുകള്‍ക്ക് തീവച്ച് ശത്രുവിനെ ജയിച്ച സീസര്‍
ജൂലിയസ് സീസര്‍ ഇംഗ്ലണ്ട് ആക്രമിക്കാന്‍ പതിനാലു കപ്പലുകള്‍ നിറയെ സൈനികരുമായി പുറപ്പെട്ടു. മൂന്നിരട്ടിയിലധികം വരുന്ന സുസജ്ജമായ ഇംഗ്ലീഷ് സൈന്യത്തെ കണ്ട് റോമന്‍ സൈന്യം അമ്പരന്നു. സീസര്‍ ഉടന്‍ സൈന്യാധിപന്മാരോടു പറഞ്ഞു: ‘ നാം വന്ന കപ്പലുകള്‍ തീവച്ചു നശിപ്പിക്കുക’. മനസില്ലാ മനസോടെ അവരതു ചെയ്തു. കപ്പലുകള്‍ കത്തിക്കൊണ്ടിരിക്കുമ്പോള്‍ സീസര്‍ സൈനികരെ വിളിച്ചുകൂട്ടി പറഞ്ഞു, ‘ നമ്മുടെ മുന്നില്‍ ഇനി രണ്ടു വഴികള്‍ മാത്രം. ഒന്നുകില്‍ ഇവിടെ കിടന്നു മരിക്കാം. ഇല്ലെങ്കില്‍ ഇംഗ്ലണ്ടിനെ കീഴടക്കി അവരുടെ കപ്പലുകളില്‍ നാട്ടിലേയ്ക്ക് തിരിച്ചെത്താം’. റോമന്‍ സൈന്യം ആഞ്ഞടിച്ചു. ശത്രുരാജ്യത്തെ തോല്‍പ്പിച്ച് അവരുടെ കപ്പലില്‍ നാട്ടിലെത്തി. നായകനെന്ന നിലയില്‍ സീസര്‍ പ്രകടിപ്പിച്ചിരുന്ന ആത്മവിശ്വാസത്തിന്റെ ഉദാഹരണമായി ഈ സംഭവം ഓര്‍മ്മിക്കപ്പെടുന്നു.
സീസറുടെ മരണം
ബിസി 44 ലാണ് റോമന്‍ സെനറ്റ് അംഗങ്ങള്‍ ഗൂഢാലോചന നടത്തി സീസറെ കൊലപ്പെടുത്തുന്നത്. വിശ്വസ്തനായ ബ്രൂട്ടസിന്റെ ഉള്‍പ്പെടെ പിന്തുണയോടെയായിരുന്നു കൊലപാതകം.
‘യൂ ടൂ ബ്രൂട്ടസ്’
സീസറെ ചതിയിലൂടെ വധിക്കാന്‍ ഗൂഢാലോചന നടത്തുകയും സല്‍ക്കാരത്തിനിടയില്‍ വെച്ച് ശത്രുക്കള്‍ നിരായുധനും നിസ്സഹായനുമായ സീസറെ കഠാരയിറക്കി പരിക്കേല്‍പ്പിക്കുകയും ചെയ്ത വേളയില്‍ തുടയില്‍ കുന്തം കൊണ്ട് കുത്തിയയാളെ കണ്ട് സീസര്‍ അത്ഭുതപ്പെട്ടു. തന്റെ സൈന്യനായകനും വളര്‍ത്ത് പുത്രനെ പോലെ താന്‍ സ്നേഹിച്ചിരുന്ന വിശ്വസ്തനുമായിരുന്ന മാര്‍ക്കസ് യൂണിയസ് ബ്രൂട്ടസ് ആയിരുന്നു അത്. അക്രമകാരികളുടെ കൂട്ടത്തില്‍ ബ്രൂട്ടസിനെ കണ്ട ജൂലിയസ് സീസര്‍ ‘ബ്രൂട്ടസേ… നീയും’ എന്ന് തേങ്ങലോടെ ചോദിച്ചുവെന്ന് പറയപ്പെടുന്നു. സീസര്‍ മരിക്കുന്നതിന്ന് മുമ്പ് അവസാനമായി ഉരുവിട്ട വാക്കായാണ് ചരിത്രം രേഖപ്പെടുത്തുന്നത്.