ജൂലൈ 21 ആണ് കഴിഞ്ഞ 84 വര്‍ഷത്തിനിടെ ലോകം ഏറ്റവും കൂടുതല്‍ ചൂട് അനുഭവിച്ചതെന്ന റിപ്പോര്‍ട്ടുമായി യൂറോപ്യന്‍ യൂണിയനിലെ കോപര്‍നിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സര്‍വീസ്(സി3എസ്). ജൂലൈ 21ന് ആഗോള ശരാശരി താപനില 17.09 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. 84 വര്‍ഷത്തിനിടെ ആദ്യമായാണ് താപനില ഇത്രയും കൂടുന്നത്. യൂറോപ്യന്‍ യൂനിയന്‍ കാലാവസ്ഥ ഏജന്‍സി പറയുന്നതനുസരിച്ച്, 1940 നു ശേഷമുള്ള ഏറ്റവും ചൂടേറിയ ദിനമാണ് ജൂലൈ 21. 2023 ജൂലൈ ആറിന് 17.08 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. ഈ റെക്കോഡ് ജൂലൈ 21ന് മറികടന്നു.
ഭൂമിയിലെ പ്രതിദിന ശരാശരി താപനില 2016 ആഗസ്റ്റില്‍ 16.8 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. പിന്നീട് കഴിഞ്ഞ 13 മാസത്തെ താപനിലയും മുന്‍കാല റെക്കോര്‍ഡുകളും തമ്മിലുള്ള വ്യത്യാസം അമ്പരപ്പിക്കുന്നതാണെന്ന് കാലാവസ്ഥ ഏജന്‍സി ഡയറക്ടര്‍ കാര്‍ലോ ബ്യൂണ്ടെംപോ പറഞ്ഞു. 2015 മുതലാണ് താപനിലയില്‍ വ്യത്യാസം വരാന്‍തുടങ്ങിയത്. വരുംവര്‍ഷങ്ങളില്‍ റെക്കോഡുകള്‍ പുതുക്കിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ വടക്കന്‍ അര്‍ധഗോളത്തില്‍ സാധാരണ വേനലായിരിക്കും. ദക്ഷിണാര്‍ധ ഗോളത്തിലെ സമുദ്രങ്ങള്‍ തണുക്കുന്നതിനാല്‍ വളരെ വേഗത്തില്‍ വടക്കന്‍ അര്‍ധ ഗോളത്തില്‍ ഭൂപ്രദേശങ്ങള്‍ ചൂടാകുന്നു. അന്റാര്‍ട്ടിക്കയിലെ വിവിധ ഭാഗങ്ങളില്‍ ശരാശരിയേക്കാള്‍ ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയത്. ഇതാണ് ആഗോള താപനിലയിലെ വര്‍ധനവിന് കാരണമായി കാലാവസ്ഥ ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. മാത്രമല്ല, അന്റാര്‍ട്ടിക്ക് സമുദ്രത്തിലെ മഞ്ഞുപാളികള്‍ താഴുകയും ചെയ്തു. 2015ല്‍ പാരീസില്‍ ചേര്‍ന്ന യു.എന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ തടയാന്‍ ആഗോള ശരാശരി താപനില വര്‍ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടാന്‍ നിര്‍ദേശം വന്നിരുന്നു. എന്നാല്‍ അതൊരിക്കലും പ്രാവര്‍ത്തികമായില്ല.