ചന്ദ്രയാൻ 3-ന്റെ പ്രയാണം ഒരു ഘട്ടം കൂടി വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒയുടെ പ്രഖ്യാപനം. മൂന്നാംഘട്ട ഭ്രമണപഥമുയർത്തലാണ് ചന്ദ്രയാൻ-3 വിജയകരമായി പൂര്‍ത്തിയാക്കിയത്. അടുത്ത ഭ്രമണപഥ മാറ്റം ജൂലൈ 20ന് വൈകിട്ട് രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിൽ നടക്കുമെന്നും ഐഎസ്ആർഒ അറിയിച്ചു.
ആകെ രണ്ട് ഭ്രമണപഥ ഉയർത്തലുകള്ക്കൂടിയാണ് ഇനി അവശേഷിക്കുന്നത്. ഭൂമിയുടെ ഗുരുത്വാകർഷണവലയം ഭേദിച്ച് പുറത്തുകടക്കാൻ സഹായിക്കുന്നതിനാണ് ഘട്ടംഘട്ടമായി ഭ്രമണപഥം ഉയർത്തുന്നത്. പേടകത്തിലെ ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് അധികശക്തി നൽകിയാണ് ഇത് സാധ്യമാക്കുക. ജൂലൈ 15-ന് ആദ്യത്തേയും 17-ന് രണ്ടാംഘട്ട് ഭ്രമണപഥവും ഉയര്‍ത്തിയിരുന്നു. പിന്നാലെയാണ് മൂന്നാംഘട്ട ഭ്രമണപഥം ഉയർത്തൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയില്‍ നടത്തിയത്.
ജൂലൈ 14-നായിരുന്നു ചന്ദ്രയാൻ 3-ന്റെ വിക്ഷേപണം. വിക്ഷേപണവാഹനമായ ‘എല്‍വിഎം’ റോക്കറ്റ് ഉപയോഗിച്ച് പാര്‍ക്കിങ് ഓര്‍ബിറ്റിലാണ് പേടകത്തെ എത്തിച്ചിരുന്നത്. പേടകത്തിന്റെ പ്രവർത്തനം സാധാരണനിലയിലാണെന്നും ഐഎസ്ആർഒ അറിയിച്ചു. ആഗസ്റ്റ് ഒന്നിനാണ് പേടകം ചന്ദ്രന് ലക്ഷ്യമാക്കി കുതിക്കുക. ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാൽ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടും. ആഗസ്റ്റ് 17നായിരിക്കും ഇത് നടക്കുക.
അതേസമയം, ആഗസ്റ്റ് 23ന് വൈകിട്ട് 5.47 നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ്ങ്. സുരക്ഷിതമായ ലാന്‍ഡിങ്ങ് കഴിഞ്ഞാൽ റോവർ പുറത്തേക്ക് വരുകയും ലാൻഡറിലെ ശാസ്ത്ര ഉപകരണങ്ങൾ പ്രവർത്തിച്ച് തുടങ്ങുകയും ചെയ്യും. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകൽ നേരമാണ് ലാൻഡറിന്റെയും റോവറിന്റെയും ദൗത്യ കാലാവധി. ആ പതിനാല് ദിവസം കൊണ്ട് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം.