ഇന്നലെ അന്തരിച്ച സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് പത്തനംതിട്ട ടൗണ്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ആണ് കബറടക്കം നടക്കുക. വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് 12 മണിയോടെ ഫാത്തിമ ബീവിയുടെ മൃതദേഹം പത്തനംതിട്ട ടൗണ്‍ഹാളിലേക്ക് മറ്റും. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അതിമോപചാരം അര്‍പ്പിക്കും. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോട് ആയിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
1927 ഏപ്രില്‍ 30-ന് പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടില്‍ മീരാസാഹിബിന്റേയും ഖദീജാബീവിയുടേയും മകളായി ജനിച്ച ജസ്റ്റിസ് ഫാത്തിമ ബീവി പത്തനംതിട്ട കത്തോലിക്കേറ്റ് ഹൈസ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ബിരുദവും; തിരുവനന്തപുരത്തെ ലോ കോളേജില്‍ നിന്നും ഒന്നാം റാങ്കോടെ നിയമബിരുദവും നേടിയശേഷമാണ് 1950-ല്‍ അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.
എം എസ് സി കെമിസ്ട്രി പഠിക്കാന്‍ ആഗ്രഹിച്ച ഫാത്തിമ ബീവിയെ നിയമപഠനരംഗത്തേക്ക് തിരിച്ചുവിട്ടത് ബാപ്പ മീരാ സാഹിബായിരുന്നുവെന്ന് അവര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. മുസ്ലിം പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിന് പോകാതിരുന്ന ഒരു കാലയളവില്‍ മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുമെന്ന ബാപ്പയുടെ നിശ്ചയദാര്‍ഢ്യമാണ് അവര്‍ക്ക് തുണയായത്.
പി എസ് സി പരീക്ഷയിലൂടെ ആദ്യമായി നിയമിക്കപ്പെട്ട മുന്‍സിഫായിരുന്നു അവര്‍. തൃശൂരിലായിരുന്നു ആദ്യ നിയമനം. 1984 ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1989 ഏപ്രില്‍ 29-ന് ഹൈക്കോടതിയില്‍ നിന്നും വിരമിച്ചശേഷം 1989 ഒക്ടോബര്‍ 6ന് സുപ്രീം കോടതിയില്‍ ജഡ്ജിയായി അവര്‍ നിയമിതയായി. 1992 ഏപ്രില്‍ 29 വിരമിച്ചശേഷം മനുഷ്യാവകാശ കമ്മീഷന്‍ അംഗമായും തമിഴ്‌നാട് ഗവര്‍ണറായും പ്രവര്‍ത്തിച്ചു.