മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം പിന്നിലേക്കെന്നു സുപ്രീം കോടതി ജഡ്ജി കെ.എം.ജോസഫ്. ബിൽക്കീസ് ബാനു കേസിൽ 11 പ്രതികളെ മോചിപ്പിച്ചതിനെതിരായ ഹർജി പരിഗണിക്കവേ ആണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ബിൽക്കീസ് ബാനു കേസിൽ പ്രതികളിൽ ഒരാളെ കണ്ടെത്താൻ കഴിയാത്തതിനാൽ നോട്ടിസ് പത്രത്തിൽ പ്രസിദ്ധീകരിക്കണമെന്നു പറഞ്ഞതിന് ശേഷം ആണ് മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചു ജസ്റ്റിസ് പരാമർശിച്ചത്.
പത്ര സ്വാതന്ത്ര്യ പട്ടികയിൽ ഇന്ത്യ 11 സ്ഥാനം താഴേയ്ക്കു പോയി 161–ാം സ്ഥാനത്ത് ആയെന്ന് അദ്ദേഹം സൂചിപ്പിച്ചു. ബിൽക്കീസ് ബാനുവിനു വേണ്ടി ഹാജരായ വൃന്ദ ഗ്രോവറും ഈ അഭിപ്രായത്തോട് യോജിപ്പ് അറിയിച്ചു. എന്നാൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഈ പരാമർശത്തിൽ എതിർപ്പറിയിച്ചു. റാങ്ക് നൽകുന്നത് ആരെന്നതിനെ ആശ്രയിച്ചു കൂടിയാണ് സ്ഥാനം നിർണയിക്കപ്പെടുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.