കെ. സി. ബി. സി. മീഡിയ കമ്മീഷൻ നൽകുന്ന 33-ാമത് മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച എട്ടുപേർക്കാണ് 2024 ലെ പുരസ്കാരങ്ങൾ. കെ. സി. ബി. സി. ഗുരുപൂജ പുരസ്കാരങ്ങൾക്ക് ഇക്കുറി നാലുപേർ അർഹരായി.
കെ. സി. ബി. സി. സാഹിത്യ അവാർഡ് ജോണി മിറാൻഡയ്ക്കാണ്. അതൃപ്തരായ ആത്മാക്കൾ, നനഞ്ഞ മണ്ണടരുകൾ, വിശുദ്ധ ലിഖിതങ്ങൾ, പുഴയുടെ പര്യായം, ജീവിച്ചിരിക്കുന്നവർക്കുവേണ്ടിയുള്ള ഒപ്പീസ് തുടങ്ങിയ ശ്രദ്ധേയ രചനകൾ പരിഗണിച്ചാണ് പുരസ്കാരം. കെ. സി. ബി. സി. ദർശനിക വൈജ്ഞാനിക അവാർഡ് ഡോ. സീമ ജെറോമിനു നൽകും. സംസ്ഥാന സർക്കാരിന്റെ ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്കാരം നേടിയ ഇവർ കേരള യൂണിവേഴ്സിറ്റി മലയാളം വിഭാഗം എച്ച്. ഒ. ഡി. യാണ്.
കെ. സി. ബി. സി. മാധ്യമ അവാർഡിന് ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്ത് അർഹനായി. ക്രിയാത്മക പത്രപ്രവർത്തനശൈലിയും സവിശേഷമായി മലയോര, തീരദേശജനത അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെ അന്വേഷണവിധേയമാക്കി ദീപികയിൽ എഴുതിയ ശ്രദ്ധേയമായ പരമ്പരകളും വാർത്തകളുമാണ് സിജോ പൈനാടത്തിനെ പുരസ്കാരത്തിന് അർഹനാക്കിയത്. 17 വർഷമായി ദീപിക പത്രാധിപസമിതി അംഗമാണ്.
ജന്മനാ ഇരുകൈകളുമില്ലാതെ മികച്ച ഗ്രാഫിക് ഡിസൈനറായി പ്രതിഭ തെളിയിച്ച ജിലുമോൾക്കാണ് കെ. സി. ബി. സി. യുവപ്രതിഭാ പുരസ്കാരം. ഏഷ്യയിൽ ആദ്യമായി കൈകളില്ലാതെ ഡ്രൈവിംഗ് ലൈസൻസ് നേടുന്നത് ജിലുമോളാണ്. കെ. സി. ബി. സി. ഗുരുപൂജാ പുരസ്കാരത്തിന് ചാക്കോ കോലോത്തുമണ്ണിൽ, (ജീവകാരുണ്യ പ്രവർത്തനങ്ങൾ), സിബി ചങ്ങനാശേരി (ചിത്രകാരൻ), ഫാ. ജോഷ്വാ കന്നിലേത്ത് (ജീവകാരുണ്യ പ്രവർത്തനങ്ങൾ), ഫാ. ആന്റണി ഉരുളിയാനിക്കൽ സി. എം. ഐ. (ക്രൈസ്തവസംഗീതം) എന്നിവർ അർഹരായി.
കെ. സി. ബി. സി. മീഡിയ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ് അവാർഡുകൾ പ്രഖാപിച്ചത്. ഡിസംബറിൽ കെ. സി. ബി. സി. ആസ്ഥാനമായ പി. ഒ. സി. യിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമർപ്പിക്കും.