Friday, April 18, 2025

കെ റെയില്‍ എന്ന മനോഹരമായ നടക്കാത്ത സ്വപ്നം! ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രതിഷേധങ്ങളും പിടിവാശികളും, അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകളും സജീവമാകുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട ഒരു ഫേസ്ബുക്ക് പോസ്റ്റും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതിലെ പ്രായോഗികതയെ സംശയിച്ചുകൊണ്ട് വിനോദ് നെല്ലയ്ക്കല്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ….

സുന്ദരമായ സ്വപ്നങ്ങള്‍ കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ, കെ റെയില്‍ എന്ന സ്വപ്നവും എനിക്ക് ഇഷ്ടമാണ്. പക്ഷെ, ബസുകാശ് കയ്യില്‍ ഇല്ലാത്തവന്‍ വിമാനയാത്ര സ്വപ്നം കാണുന്നതുപോലെ, ആ സ്വപ്നത്തിന്റെ പിന്നാലെ പോയി സമയം കളയുന്നതിനോട് യോജിപ്പില്ല.

മദ്യം വിറ്റും ലോട്ടറി കച്ചവടം നടത്തിയും അന്നന്നത്തെ ചെലവ് കഴിഞ്ഞുപോകാന്‍ കഷ്ടപ്പെടുകയും, കൂടുതല്‍ കാശിന് അത്യാവശ്യം വന്നാല്‍ മദ്യത്തിന്റെ ടാക്‌സ് ഉയര്‍ത്താനും ലക്ഷക്കണക്കിന് ലോട്ടറി ടിക്കറ്റുകള്‍ കൂടുതലായി അച്ചടിക്കാനും മടികാണിക്കാതിരിക്കുകയും ചെയ്യുന്ന ഒരു നാണംകെട്ട സംവിധാനത്തിനകത്താണ് ഈ സ്വപ്നങ്ങള്‍ എന്നതാണ് വിചിത്രം. മദ്യവും ലോട്ടറിയും മലയാളി വേണ്ടെന്നുവെച്ചാല്‍ പിന്നെ കേരളമില്ല! നനഞ്ഞിടം കുഴിക്കുന്നതിനപ്പുറം മറ്റൊരു മാര്‍ഗ്ഗവും ധനാഗമത്തിനായി കണ്ടെത്തിയിട്ടില്ലാത്ത ഈ സര്‍ക്കാരാണ് മൂന്നരലക്ഷം കോടിയുടെ കൂടെ രണ്ടുലക്ഷം കോടികൂടി പൊതുക്കടം എഴുതിച്ചേര്‍ക്കാന്‍ ആലോചിക്കുന്നത്!

ഒരുകോടിയിലേറെ വാഹനങ്ങള്‍ ഓടുന്ന മൂന്നുലക്ഷത്തി മുപ്പത്തിരണ്ടായിരം കിലോമീറ്റര്‍ റോഡുകളാണ് കേരളത്തിലുള്ളത്. ഒരിക്കലും ശാപമോക്ഷം കിട്ടാത്ത ആയിരക്കകണക്കിന് ജംഗ്ഷനുകളും! 530 കിലോമീറ്റര്‍ രണ്ടുവരി റെയില്‍പ്പാതകൊണ്ട് കേരളത്തിന്റെ ഗതാഗത പ്രശ്‌നങ്ങളെല്ലാം തീരുമെന്ന് സ്വപ്നം കാണുന്നവരോട് സഹതാപം.

അഞ്ചോ എട്ടോ വര്‍ഷം കഴിഞ്ഞ് സില്‍വര്‍ ലൈനില്‍ യാത്ര ചെയ്‌തേക്കാവുന്നതിന്റെ എത്രയോ ഇരട്ടി ആളുകള്‍ ഇടപ്പള്ളി ജംഗ്ഷനിലെ ട്രാഫിക് കുരുക്കില്‍ ഓരോ ദിവസവും പെട്ടുകിടക്കുന്നുണ്ട്!അത്തരം ഒരു ജംഗ്ഷനെ പോലും ശാപവിമുക്തമാക്കാന്‍ കാണിക്കാത്ത ആത്മാര്‍ത്ഥത അടുത്ത തലമുറയോട് ഉണ്ടെന്ന് അവകാശപ്പെടുന്നത് വിചിത്രം! കേവലം ഒരു പാലം പണിതുതീര്‍ക്കാന്‍ നാലും അഞ്ചും വര്‍ഷം വേണ്ടിവരുന്ന ഈ നാട്ടില്‍ അഞ്ചുവര്‍ഷംകൊണ്ട് 530 കിലോമീറ്റര്‍ പാളം പണിയുമെന്ന അവകാശവാദം മറ്റൊരു തമാശ!

ഏതുവിധേനയും നാടുവിടാന്‍ ബദ്ധപ്പെടുന്ന ഒരു യുവ തലമുറയുടെ ഭാവിക്കുവേണ്ടിയാണ് ഈ പെടാപ്പാടുകള്‍! തൊഴില്‍ ചെയ്‌തോ സംരംഭങ്ങള്‍ തുടങ്ങിയോ ജീവിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ കേരളം വിട്ടേ മതിയാവൂ എന്ന അവസ്ഥയാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയിലെ പ്രധാന ഭരണനേട്ടം! യുദ്ധഭൂമിയില്‍നിന്നുള്ള രക്ഷപെടലിന് ഏറെക്കുറെ സമാനമാണ് ഇന്നത്തെ കേരളത്തില്‍നിന്ന് പുറത്തേയ്ക്കുള്ള യുവജനങ്ങളുടെ ഒഴുക്ക്, ജീവിക്കാന്‍ നാട് വിട്ടേ മതിയാവൂ എന്ന അവസ്ഥ! ആ തലമുറയോട് ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുന്ന കരുതല്‍ അപാരം!

വികസനത്തിന്റെ പേരുപറഞ്ഞ് കുടിയിറക്കപ്പെട്ടിട്ടുള്ള എത്രപേരോട് ഈ ഭരണകൂടങ്ങള്‍ നീതിപുലര്‍ത്തിയിട്ടുണ്ട് എന്നതാണ് മറ്റൊരു ചോദ്യം. വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡിന്റെ പേരില്‍ ഒന്നര പതിറ്റാണ്ട് മുമ്പ് കുടിയിറക്കപ്പെട്ടവരുടെ കണ്ണീര് ഉദാഹരണം മാത്രം. ഇപ്പോഴത്തെ വാചകങ്ങളില്‍ ഒരു ശതമാനമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ആദ്യം അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മനസ് കാണിക്കൂ സര്‍ക്കാരേ…

സ്വപ്നങ്ങള്‍ നമുക്ക് എന്നുവേണമെങ്കിലും കാണാം, കാണാതിരിക്കാം… ജീവിതയാഥാര്‍ഥ്യങ്ങള്‍ കാണാതെപോകരുത്!

 

Latest News