അഫ്ഗാനിസ്ഥാനിൽ ചൈനീസ് സന്ദർശകർ താമസിക്കാറുള്ള ഹോട്ടലിനു നേരെ ആക്രമണം. തിങ്കളാഴ്ചയാണ് രാജ്യ തലസ്ഥാനത്തെ കാബൂൾ ലോങ്ഗൻ ഹോട്ടലിൽ ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ മൂന്നു പേരെ ഏറ്റുമുട്ടലിനിടയിൽ കാബൂൾ പോലീസ് കൊലപ്പെടുത്തി.
ഹോട്ടലിലുണ്ടായിരുന്ന അതിഥികളെയെല്ലാം രക്ഷപ്പെടുത്തിയെന്ന് താലിബാൻ വ്യക്തമാക്കി. വിദേശികളാരും കൊല്ലപ്പെട്ടിട്ടില്ല. മുകളിലത്തെ നിലയിൽനിന്ന് ചാടിയ രണ്ട് വിദേശികൾക്ക് മാത്രമാണ് പരിക്കേറ്റതെന്നും താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് ട്വീറ്റ് ചെയ്തു. തുടർച്ചയായ സ്ഫോടനങ്ങളും വെടിയൊച്ചകളും കേട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ 21 പേർക്ക് പരിക്കേറ്റതായി പ്രത്യേക ദൗത്യ സംഘം അറിയിച്ചു.
ആക്രമികൾ ആരാണെന്നോ അവരുടെ ലക്ഷ്യം എന്താണെന്നോ വ്യക്തമല്ല. രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നാണ് താലിബാൻ അവകാശപ്പെടുന്നത്. താലിബാൻ അധികാരത്തിൽ വന്നതിനുശേഷം ആദ്യമായി ആണ് ഇത്തരത്തിൽ ഒരു സംഭവം നടക്കുന്നത്.