Wednesday, November 27, 2024

എസ്തോണിയായുടെ പ്രധാനമന്തി പദത്തില്‍ വീണ്ടും കാജാ കല്ലാസ്

ടാലിന്‍: എസ്തോണിയായുടെ പ്രധാനമന്ത്രിയായി കാജാ കല്ലാസ് വീണ്ടും തിരഞ്ഞടുക്കപ്പെട്ടു. റിഫോം പാര്‍ട്ടി നേതാവായ കല്ലാസിന് പൊതു തിരഞ്ഞെടുപ്പില്‍ 31.2% വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. 1.3 ദശലക്ഷം ജനസംഖ്യയുള്ള റഷ്യയുടെ പടിഞ്ഞാറൻ അയൽരാജ്യമാണ് എസ്തോണിയ.

രാജ്യത്തെ പാർലമെന്റായ റിഗികോഗുവില്‍ 101 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 37 സീറ്റുകളാണ് റിഫോം പാര്‍ട്ടിക്ക് ലഭിച്ചത്. ഭരണകക്ഷി കൂടി ആയിരുന്ന പാര്‍ട്ടിക്ക് മുന്‍പ് ഉണ്ടായിരുന്നതിലും മൂന്നു സീറ്റുകള്‍ അധികം തിരഞ്ഞെടുപ്പില്‍ നേടാന്‍ കഴിഞ്ഞു. രണ്ടാം സ്ഥാനത്തുളള ഇകെആര്‍ഇ പാര്‍ട്ടിക്ക് 17 സീറ്റാണ് ലഭിച്ചത്.

2019 ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ റിഫോം പാര്‍ട്ടി വിജയിച്ചുവെങ്കിലും മൂന്ന് ചെറിയ പാർട്ടികൾ ചേര്‍ന്നു സര്‍ക്കാർ രൂപീകരിച്ചതിനാൽ കല്ലാസിനെ അധികാരത്തിൽ നിന്ന് മാറ്റി നിര്‍ത്തി. തുടര്‍ന്ന് 2021-ൽ കൂട്ടുകക്ഷി സര്‍ക്കാര്‍ തകര്‍ന്നതിനെ തുടര്‍ന്നു ഒരു സഖ്യം രൂപീകരിച്ചു പ്രധാനമന്ത്രിയായി കല്ലാസ് ചുമതല ഏറ്റെടുക്കുകയായിരുന്നു. എസ്തോണിയയുടെ ആദ്യ വനിതാ പ്രധാനമന്ത്രി കൂടിയാണ് കല്ലാസ്. കൂടാതെ ഒരു രാജ്യത്തിന്‍റെ ഭരണ തലപ്പത്ത് വനിതകളുള്ള ലോകത്തിലെ ഏക രാജ്യവുമായിരുന്നു എസ്തോണിയ.

റഷ്യയുടെ അയല്‍ രാജ്യമായ എസ്തോണിയയുടെ പ്രധാനമന്ത്രിയായി തിരഞ്ഞടുക്കപ്പെട്ടതിന് പിന്നാലെ യുക്രൈയിനെ പിന്തുണക്കുന്ന നിലപാടാണ് കല്ലാസ് സ്വീകരിച്ചു പോന്നത്.

Latest News