Sunday, November 24, 2024

കസാഖിസ്ഥാൻ ആണവനിലയ നിർമ്മാണത്തിന് അനുകൂലമായി ഹിതപരിശോധന

രാജ്യത്തെ ആദ്യത്തെ ആണവനിലയ നിർമ്മാണത്തെ പിന്തുണച്ചുകൊണ്ട് കസാഖിസ്ഥാൻ പൗരന്മാർ ഹിതപരിശോധനയിൽ വോട്ട് രേഖപ്പെടുത്തി. ഒക്ടോബർ ആറിനു നടത്തിയ ഹിതപരിശോധനയിൽ ഏകദേശം 70% വോട്ടർമാർ ഈ നിർദേശത്തെ പിന്തുണച്ചതായി എക്സിറ്റ് പോൾ കാണിക്കുന്നു. പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവിന്റെ മന്ത്രി സഭ മുമ്പോട്ടുവച്ച പദ്ധതി, മലിനീകരണം നടത്തുന്ന കൽക്കരി പ്ലാന്റുകൾ ഘട്ടംഘട്ടമായി ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.

കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ കണക്കനുസരിച്ച്, രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ ഏതാണ്ട് 64% പേർ വോട്ട് രേഖപ്പെടുത്തി. ഇത് നിർമ്മാണത്തിന് സാധുതയുള്ളതാകുന്നു. പ്രാഥമികഫലം കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. എങ്കിലും, ചില വിമർശകർ പദ്ധതിയുടെ അപകടസാധ്യതകളെക്കുറിച്ചും കസാഖിസ്ഥാന്റെ സോവിയറ്റ് ആണവപരീക്ഷണ പാരമ്പര്യത്തെക്കുറിച്ചും റഷ്യൻ പങ്കാളിത്തത്തെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു.

പ്ലാന്റിന്റെ നിർമ്മാണത്തിനായി നിയുക്തമാക്കിയ ഉൽകെൻ ഗ്രാമത്തിൽ പ്രദേശവാസികൾക്ക് രണ്ട് അഭിപ്രായമാണ്. ഈ പദ്ധതി, തൊഴിലവസരങ്ങൾ കൊണ്ടുവരുമെന്ന് ചിലർ പ്രതീക്ഷിക്കുന്നു, മറ്റുള്ളവർ ഇത് ബൽഖാഷ് തടാകത്തിന്റെ ജലത്തെ ദോഷകരമായി ബാധിക്കുമെന്ന് ഭയപ്പെടുന്നു.

പ്രകൃതിവാതകശേഖരം ഉണ്ടായിരുന്നിട്ടും കസാഖിസ്ഥാൻ വൈദ്യുതിക്കായി കൽക്കരിയിൽ പ്രവർത്തിക്കുന്ന പ്ലാന്റുകളെയാണ് ആശ്രയിക്കുന്നത്. ഗാർഹിക ആവശ്യം നിറവേറ്റാൻ പാടുപെടുന്ന കാലഹരണപ്പെട്ട സൗകര്യങ്ങൾ മൂലം, റഷ്യയിൽനിന്നാണ് രാജ്യം വൈദ്യുതി ഇറക്കുമതി ചെയ്യുന്നത്. മലിനീകരണമുണ്ടാക്കുന്ന കൽക്കരിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ഒരു പരിഹാരമായാണ് ആണവനിലയത്തെ കാണുന്നത്.

റഷ്യൻ സ്റ്റേറ്റ് ആണവസ്ഥാപനമായ റോസാറ്റോമുമായി ചേർന്ന് പ്ലാന്റ് നിർമ്മിക്കാനുള്ള തീരുമാനം ഇതിനകംതന്നെ സർക്കാർ കൈക്കൊണ്ടതായിട്ടാണ് കരുതപ്പെടുന്നത്. വോട്ടർമാരോട് അത് ആധികാരികമാക്കാൻ ആവശ്യപ്പെടുക മാത്രമാണെന്ന് ജനപ്രിയ ബ്ലോഗർ വാഡിം ബോറെയ്‌ക്കോ പറയുന്നു.

Latest News