പാലക്കാട് കല്ലടിക്കോട് വിദ്യാർഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച നാലു വിദ്യാർഥികളുടെയും മൃതസംസ്കാരം ഇന്ന് നടക്കും. നിദ ഫാത്തിമ, റിദ ഫാത്തിമ, ഇർഫാന ഷെറിൻ, എ. എസ്. ആയിഷ എന്നീ വിദ്യാർഥിനികളാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ വീട്ടിൽ എത്തിച്ചു.
അപകടത്തിൽ മരിച്ച വിദ്യാർഥിനികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനുശേഷം പാലക്കാട് ജില്ലാ ആശുപത്രിയിൽനിന്ന് ഇന്ന് പുലർച്ചെയാണ് വീടുകളിലേക്കു കൊണ്ടുപോയത്. രാവിലെ 10.30 തുപ്പനാട് ജുമാ മസ്ജിദിൽ കബറടക്കം നടക്കും. മരിച്ചവർ കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളാണ്.
വ്യാഴാഴ്ച വൈകുന്നേരം പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴാണ് സിമന്റ് ലോഡ് വഹിച്ച ലോറി വിദ്യാർഥിനികളുടെ മുകളിലേക്കു മറിഞ്ഞത്. മറ്റൊരു വണ്ടിയിലിടിച്ച് നിയന്ത്രണം വിട്ട ലോറി പോസ്റ്റിലിടിച്ചായിരുന്നു ലോറി മറിഞ്ഞത്. അപകടത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധം ശക്തമാക്കി.