Monday, November 25, 2024

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സര്‍വേകളില്‍ മുന്നില്‍ കമല ഹാരിസ്

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സര്‍വേയില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപിനേക്കാളും മുന്‍തൂക്കം നിലവിലെ വൈസ് പ്രസിഡന്റ് കമലഹാരിസിന്. സര്‍വേ പ്രകാരം കമല ഹാരിസിന് 44 ശതമാനം വോട്ടുകളും ട്രംപിന് 42 ശതമാനം വോട്ടുകളും ലഭിച്ചു. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതിന് ശേഷം നടത്തിയ ആദ്യ സര്‍വേയിലാണ് കമലക്ക് മുന്‍തൂക്കം.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാനുള്ള പിന്തുണ ലഭിച്ചതായി യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക നാമനിര്‍ദേശം ഉടന്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നതായും അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം, സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ ലഭിച്ചതിന് പിന്നാലെ കമല ഹാരിസ് നേടിയത് മില്യണ്‍ കണക്കിന് സംഭാവന. 24 മണിക്കൂറിനുള്ളില്‍ 81 മില്യണ്‍ ഡോളര്‍ സംഭാവന ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇത് റെക്കോഡ് നേട്ടമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നവംബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാല്‍ അമേരിക്കന്‍ പ്രസിഡന്റാകുന്ന ആദ്യ വനിതയാകും കമല ഹാരിസ്. നിലവില്‍ അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റാണ് കമല ഹാരിസ്. കമല ഹാരിസിന്റെ അച്ഛന്‍ ഡോണള്‍ഡ് ജെ. ഹാരിസ് ജമൈക്കക്കാരനാണ്. അമ്മ ശ്യാമള ഗോപാലന്‍ തമിഴ്നാട്ടുകാരിയാണ്.

 

Latest News