Friday, April 18, 2025

കനലെരിയാതെ മണിപ്പൂര്‍; വീണ്ടും വെടിവയ്പ്പ്

ഒരു മാസത്തിലേറെയായി വംശീയസംഘർഷം തുടരുന്ന മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ട്. തലസ്ഥാന നഗരമായ ഇംഫാലിന്റെയും കാങ്‌പോക്പിയുടെയും അതിർത്തിമേഖലയിലാണ് വിമതർ വെടിവയ്പ്പ നടത്തിയത്. ആക്രമണത്തില്‍ രണ്ടു സ്ഥാപനങ്ങള്‍ കലാപകാരികള്‍ നശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കുക്കി വിഭാഗത്തില്‍ നിന്നുള്ള വിമതരാണ് ഇംഫാലിലെ സെക്‌മായി മേഖലയിൽ സംഘര്‍ഷം സൃഷ്ടിച്ചതെന്നാണ് വിവരം. ഇതിനു പ്രത്യാക്രമണമായാണ് കുക്കി ഗ്രാമമായ ഹെങ്‌സാങ്ങിൽ മെയ്തേയ് വിഭാഗത്തില്‍ വിമതര്‍ വെടിവയ്പ്പ് നടത്തിയത്. അക്രമം നടത്തിയവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം, കലാപകാരികളുടെ കൈവശമുള്ള ആയുധങ്ങള്‍ സുരക്ഷാസേനക്ക് കൈമാറണമെന്ന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് വീണ്ടും വെടിവയ്പ്പുണ്ടായത്. ഒരു മാസം മുമ്പ് പൊട്ടിപ്പുറപ്പെട്ട മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയകലാപത്തിൽ ഇതുവരെ നൂറിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കിംവദന്തികൾ പടരുന്നതു തടയാൻ സംസ്ഥാന സർക്കാർ 11 ജില്ലകളിൽ കർഫ്യൂ ഏർപ്പെടുത്തുകയും ഇന്റർനെറ്റ് സേവനങ്ങൾ ജൂണ്‍ 21 വരെ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. സംഘര്‍ഷം വീണ്ടും ആരംഭിച്ച പശ്ചാത്തലത്തില്‍ ഇത് നീട്ടാനും സാധ്യതയുണ്ട്.

അതിനിടെ, മണിപ്പൂർ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) യുമായുള്ള സഖ്യം പുനഃപരിശോധിക്കുമെന്ന് മുൻ ഉപമുഖ്യമന്ത്രിയും മുൻ ഡിജിപിയുമായ എൻ.പി.പി വൈസ് പ്രസിഡന്റ് ജോയ്കുമാർ സിംഗ് പറഞ്ഞു.

Latest News