കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനങ്ങള്‍ കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. ചാന്‍സലറായ ഗവര്‍ണറുടെ അനുമതിയില്ലാതെ സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ചത് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. ചാന്‍സലറുടെ അനുമതി ഇല്ലാതെയുള്ള നിയമനം ചട്ടവിരുദ്ധമാണെന്ന് വിധിയില്‍ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. നിയമനം ശരിവച്ച സിംഗിള്‍ ബഞ്ച് ഉത്തരവും റദ്ദാക്കി. സര്‍വകലാശാല നടപടി ചട്ട വിരുദ്ധമെന്ന് ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി പറഞ്ഞിരുന്നു.
ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ക്ക് ആണെന്ന ഗവര്‍ണറുടെ സത്യവാങ്ങ്മൂലം അംഗീകരിച്ചായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഇത് സംബന്ധിച്ച് സര്‍വ്വകലാശാല ഉത്തരവ് ചട്ട വിരുദ്ധമാണെന്നും കോടതി വിലയിരുത്തിയിരുന്നു. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി നേരത്തെ സിംഗിള്‍ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹര്‍ജിക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.