കണ്ണൂർ സർവ്വകലാശാല വൈസ് ചാന്‍സിലറുടെ പുനര്‍നിയമനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സർവ്വകലാശാലാ ചട്ടങ്ങൾ ലംഘിച്ച് ഡോ. ഗോപിനാഥ് രവീന്ദ്രനെ വിസി ആയി പുനർനിയമനം നടത്തിയെന്നാണ് ഹര്‍ജിക്കാരുടെ വാദം. സർവ്വകലാശാല ചാൻസിലറായ ഗവർണറാണ് കേസിൽ ഒന്നാം എതിർകക്ഷി.
വിഷയത്തില്‍ കണ്ണൂർ സർവ്വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ വൈസ് ചാന്‍സിലറായുള്ള പുനർനിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. ഡോ. ഗോപിനാഥിന്റെ പുനര്‍നിയമന ഉത്തരവിൽ ഒപ്പിടാൻ ചാൻസിലറായ ഗവർണർക്കുമേൽ സമ്മർദ്ദമുണ്ടായി എന്നും ഹര്‍ജിയില്‍ പറയുന്നു.
ചാൻസിലർക്കു പുറമെ സംസ്ഥാന സർക്കാർ, കണ്ണൂർ സർവ്വകലാശാല, വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രൻ എന്നിവരാണ് വിഷയത്തില്‍ മറ്റ് എതിർകക്ഷികൾ. അതേസമയം, കേസിൽ സംസ്ഥാന സർക്കാരും വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രനും ഇതുവരെ മറുപടി സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ലത്ത സാഹചര്യത്തിലാണ് സുപ്രീം കോടതി ഹര്‍ജി പരിഗണിക്കുന്നത്. ജസ്റ്റിസ് കൃഷ്ണമുരാരി അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.