Monday, November 25, 2024

ഹുക്ക ഉല്‍പന്നങ്ങളുടെ വില്‍പ്പനയും ഉപഭോഗവും നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍

ഹുക്ക ഉല്‍പന്നങ്ങളുടെ വില്‍പ്പനയും ഉപഭോഗവും നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍. ഹുക്ക ഉല്‍പന്നങ്ങളുടെയും ഷീഷയുടെയും വില്‍പന, വാങ്ങല്‍, പ്രചാരണം, വിപണനം, ഉപഭോഗം എന്നിവ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് തീരുമാനമെന്നും ഉത്തരവില്‍.

നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. COTPA (സിഗരറ്റ് ആന്‍ഡ് പുകയില ഉല്‍പന്നങ്ങള്‍ നിയമം) 2003, ചൈല്‍ഡ് കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ആക്റ്റ് 2015, ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി ആക്റ്റ് 2006, കര്‍ണാടക പോയ്സണ്‍ (ഉടമയും വില്‍പ്പനയും) ചട്ടങ്ങള്‍ 2015, ഫയര്‍ കണ്‍ട്രോള്‍ ആന്‍ഡ് ഫയര്‍ പ്രൊട്ടക്ഷന്‍ ആക്ട്, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മറ്റ് വകുപ്പുകള്‍ എന്നിവ പ്രകാരം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും.

കഴിഞ്ഞ വര്‍ഷം ബംഗളൂരുവിലെ ഹുക്ക ബാറില്‍ ഉണ്ടായ തീപിടിത്തം കണക്കിലെടുത്താണ് നിരോധനം. ലംഘിക്കുന്നവര്‍ക്കെതിരെ അഗ്നി സുരക്ഷാ നിയമങ്ങള്‍ കൂടി ചുമത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 45 മിനിറ്റ് ഹുക്ക വലിക്കുന്നത് 100 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്ന് സൂചിപ്പിക്കുന്ന പഠനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളില്‍ നേരത്തെ തന്നെ ഹുക്ക നിരോധിച്ചിരുന്നു.

 

Latest News