Tuesday, November 26, 2024

ബിജെപി കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമം പിൻവലിക്കുമെന്ന് കർണാടക സര്‍ക്കാര്‍

കഴിഞ്ഞ ബിജെപി സർക്കാർ പാസ്സാക്കിയ മതപരിവർത്തന നിരോധന നിയമം റദ്ദാക്കാൻ കർണാടക മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ജൂൺ 15-നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അടുത്ത മാസം ആദ്യവാരം ചേരുന്ന നിയസഭാ സമ്മേളനത്തിലാണ് നിയമം ഔദ്യോഗികമായി പിന്‍വലിക്കുക.

കര്‍ണാടകത്തില്‍ ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവർത്തന വിരുദ്ധ ബിൽ 2022 സെപ്റ്റംബറിലാണ് പ്രാബല്യത്തില്‍ വന്നത്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ കൊണ്ടുവന്ന സമാന നിയമങ്ങളേക്കാൾ കര്‍ശനമായിരുന്നു കര്‍ണാടത്തിലെ നിയമം. അനധികൃത മതപരിവർത്തനം നടത്തുന്നവർക്ക് മൂന്നു മുതൽ 10 വർഷം വരെ തടവും 50,000 രൂപ പിഴയുമായിരുന്നു ശിക്ഷ. കൂട്ട മതപരിവർത്തനത്തിന് മൂന്നു മുതൽ 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു.

ഇതു കൂടാതെ, കർണാടക നിയമം, മതം മാറിയ ആർക്കും അല്ലെങ്കിൽ മതം മാറിയതായി അറിയാവുന്ന ഏതെങ്കിലും വ്യക്തിക്ക് പരാതി നൽകാനും അനുവദിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ പാസ്സാക്കിയ നിയമങ്ങളിൽ, കുടുംബാംഗങ്ങൾക്കോ, രക്തബന്ധമുള്ളവർക്കോ വിവാഹം വഴിയോ, ദത്തെടുക്കൽ വഴിയോ, ബന്ധുക്കൾക്കോ അല്ലെങ്കിൽ വ്യക്തിയുടെ സഹപ്രവർത്തകനോ പോലും പരാതി നൽകാമായിരുന്നു. ഈ നിയമമാണ് സര്‍ക്കാര്‍ എടുത്തുകളയാന്‍ ഒരുങ്ങുന്നത്.

അതേസമയം, നിയമം പിന്‍വലിച്ചതില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. കര്‍ണാടകയിലെ കോണ്‍ഗ്രസ് മുഴുവനായി മുസ്ലിം ലീഗായി മാറിയിരിക്കുകയാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.റ്റി. രവി പരിഹസിച്ചു. “ഹിന്ദുക്കളോടുള്ള സര്‍ക്കാര്‍ സമീപനം തുറന്നുകാട്ടുന്നതാണ് ഈ നടപടി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഹിന്ദുവിരുദ്ധ മുഖമാണ് വെളിവാകുന്നത്”
– അദ്ദേഹം പറഞ്ഞു. ഹൈക്കമാന്റിനെ പ്രീതിപ്പെടുത്താന്‍ സിദ്ധരാമയ്യ കര്‍ണാടകയിലെ ജനങ്ങളുടെ താല്പര്യം ഹനിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും കുറ്റപ്പെടുത്തി.

Latest News