യുക്രൈനിലെ കാര്‍ക്കീവില്‍ കര്‍ണാടക സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡര്‍ (22) കൊല്ലപ്പെട്ടത് ഭക്ഷണത്തിനായി ക്യൂവില്‍ നില്‍ക്കുമ്പോഴെന്ന് റിപ്പോര്‍ട്ട്. ഭക്ഷണത്തിനും പണത്തിനുമായി ബങ്കറില്‍ നിന്നും പുറത്തു പോകുന്നതിനു മുമ്പ് നവീന്‍ പിതാവ് ശേഖര ഗൗഡയുമായി സംസാരിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബങ്കറില്‍ ഭക്ഷണമോ വെള്ളമോ ഇല്ലെന്ന് നവീന്‍ പിതാവിനെ അറിയിച്ചിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള മറ്റ് ചില വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് നവീന്‍ ബങ്കറില്‍ കഴിഞ്ഞിരുന്നത്. കാര്‍ക്കീവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു നവീന്‍.
തിങ്കളാഴ്ച കാര്‍കീവ് വിടാന്‍ നവീന് അവസരം ലഭിച്ചിരുന്നെങ്കിലും നവീന്‍ ആ അവസരം തന്റെ ജൂണിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. പകരം ബുധനാഴ്ച പോകാമെന്നാണ് തീരുമാനിച്ചിരുന്നത്. അതിനു മുമ്പേ പക്ഷേ നവീനെ മരണം തട്ടിയെടുത്തു. സ്ഥലത്ത് പരിചയം കുറവുള്ള ജൂണിയര്‍ കുട്ടികള്‍ ആദ്യം മടങ്ങട്ടേയെന്നാണ് നവീന്‍ കരുതിയത്. അതുകൊണ്ടാണ് തിങ്കളാഴ്ചത്തെ സംഘത്തില്‍ നിന്ന് നവീന്‍ മാറി നിന്നത്. ബുധനാഴ്ചത്തെ യാത്രയ്ക്ക് മുന്നോടിയായി ഭക്ഷണം വാങ്ങാനും കറന്‍സി മാറ്റാനുമായാണ് നവീന്‍ ബങ്കറില്‍ നിന്ന് പുറത്തിറങ്ങിയത്. കുറച്ചു സമയത്തിനുശേഷം സുഹൃത്തുക്കളിലൊരാളെ വിളിച്ച് കുറച്ച് പണം കൂടി ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്യാനും പറഞ്ഞിരുന്നു. 10 മിനിറ്റിനുശേഷം അതേ ഫോണില്‍ നിന്ന് വിളിച്ച അപരിചിതയാണ് കൂട്ടുകാരെ നവീന്റെ മരണവിവരം അറിയിച്ചത്.
ഒരു യുക്രൈന്‍ വനിത ഫോണ്‍ എടുത്തപ്പോഴാണ് നവീന്‍ കൊല്ലപ്പെട്ട വിവരം അറിഞ്ഞതെന്ന് കാര്‍ക്കീവിലെ സ്റ്റുഡന്റ് കോഡിനേറ്ററായ പൂജ പ്രഹരാജിനെ ഉദ്ദരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. നവീന്റെ ശരീരം മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകുകയാണെന്ന് ഫോണ്‍ എടുത്ത സ്ത്രീ പറഞ്ഞു. ഭക്ഷണത്തിനായി നവീന്‍ രണ്ട് മണിക്കൂറോളം ക്യൂവില്‍ നിന്നതായി പൂജ പറഞ്ഞു.
നവീന്റെ മരണത്തെക്കുറിച്ച് സുഹൃത്ത് ശ്രീധരന്‍ ഗോപാലകൃഷ്ണന്‍ പറയുന്നത് ഇങ്ങനെ, ‘നവീനെ രാവിലെ 8.30 ഓടെയാണ് അവസാനമായി കണ്ടത്. യുക്രൈന്‍ സമയം രാവിലെ 10.30 ഓടെയാണ് നവീന്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. പലചരക്ക് കടയ്ക്കു മുന്നില്‍ ക്യൂ നില്‍ക്കുകയായിരുന്നു നവീന്‍. റഷ്യന്‍ സൈന്യം ജനങ്ങള്‍ക്കു നേരെ വെടിവയ്ക്കുകയായിരുന്നുവെന്നും ശ്രീധരന്‍ വ്യക്തമാക്കി.
കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ് നവീന്റെ കുടുംബത്തെ വിയോഗവാര്‍ത്ത അറിയിച്ചത്. മകന്റെ മരണം അറിഞ്ഞ നവീന്റെ അച്ഛന്‍ കേന്ദ്രമന്ത്രിയോട് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വേദനയാകുന്നത്. ‘ഇന്ന് രാവിലെയും മകന്‍ വിളിച്ചിരുന്നു. നമ്മുടെ സര്‍ക്കാര്‍ ഇരുരാജ്യങ്ങളുമായും സംസാരിച്ചിട്ടുണ്ടെന്നും അവിടെയുള്ള ഇന്ത്യക്കാര്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും പറഞ്ഞു. നിങ്ങളുടെ കൈയ്യില്‍ ഇന്ത്യന്‍ പതാക ഉണ്ടെങ്കില്‍ അത് കെട്ടിടത്തിന് മുകളില്‍ വയ്ക്കുക എന്ന് ഞാന്‍ പറഞ്ഞിരുന്നു. നവീനും രണ്ട് സുഹൃത്തുക്കളും ബങ്കറിലാണ് കഴിഞ്ഞിരുന്നത്. പുറത്ത് സാഹചര്യം വളരെ മോശമാണെന്ന് അവന്‍ പറഞ്ഞിരുന്നു. പുറത്തിറങ്ങുന്നത് സുരക്ഷിതമല്ലെന്നും പറഞ്ഞിരുന്നു’. വേദനയോടെ ആ പിതാവ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും നവീന്റെ കുടുംബത്തെ അനുശോചനം അറിയിച്ചു. യുക്രൈനും ഇന്ത്യയെ അനുശോചനം അറിയിച്ചു.