കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനുപിന്നാലെ എ.സി മൊയ്തീന്‍ എം.എല്‍.എയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. 30 ലക്ഷം രൂപയുടെ എഫ്.ഡി അക്കൗണ്ടാണ് മരവിപ്പിച്ചത്. മുന്‍ സഹകരണവകുപ്പ് മന്ത്രിയും കുന്നംകുളം എം.എല്‍.എയുമാണ് എ.സി മൊയ്തീന്‍.
കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് 300 കോടിയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുര്‍ന്ന് ചൊവ്വാഴ്ച രാവിലെ ഇ.ഡി സംഘം, എ.സി മൊയ്തീന്‍ എം.എല്‍.എയുടെ വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് 22 മണിക്കൂര്‍ നടത്തിയ പരിശോധനയില്‍ ക്രമവിരുദ്ധമായി വായ്പ നല്‍കിയതായും ഇടപെടല്‍ നടത്തിയതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതേ തുടര്‍ന്നാണ് അക്കൗണ്ട് മരവിപ്പിച്ചത്.
എം.എല്‍.എയുമായി അടുപ്പമുള്ള ആളുകളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. വീടിന്റെ രേഖ, വായ്‌പാരേഖകൾ, വസ്തുസംബന്ധമായ രേഖകൾ എന്നിവയെല്ലാം ഇ.ഡി ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി. അദ്ദേഹവുമായി അടുപ്പമുള്ള മൂന്നുപേരോട് കൊച്ചിയിലെ ഓഫീസിലെത്താനും ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.