ബന്തിപ്പോരയിലെ ഗുരേസ് മേഖലയില്‍ വൈദ്യുതി എത്തിച്ച് ജമ്മുകശ്മീര്‍ ഭരണകൂടം. ഗുരേസ് മേഖലയുടെ ചരിത്രത്തിലാദ്യമായാണ് പ്രദേശത്ത് വൈദ്യുതി വിതരണം നടപ്പാക്കുന്നത്. ഇതുവരെ ഈ പ്രദേശത്തുള്ളവര്‍ വൈദ്യുതിക്കായി ഡീസല്‍ ജനറേറ്ററിനെയാണ് ആശ്രയിച്ചിരുന്നത്.
ഗുരേസ് മേഖലയിലൂം വൈദ്യുതി വിതരണം സാധ്യമാക്കിയതിലൂടെ കശ്മീര്‍ താഴ്വരയിലെ എല്ലാ പ്രദേശത്തും ഇലക്ട്രിസിറ്റി കണക്ഷന്‍ എത്തി. കശ്മീര്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ്(കെപിഡിസിഎല്‍) എക്‌സിലൂടെയാണ് ഈ വിവരം അറിയിച്ചത്.
വളരെ ആവേശത്തോടെയാണ് ഈ വിവരം പങ്കുവയ്ക്കുന്നതെന്ന ആമുഖത്തോടെയാണ് കെപിഡിസിഎല്ലിന്റെ പോസ്റ്റ്. സുപ്രധാന നാഴികക്കല്ല് ഞങ്ങള്‍ പിന്നിടുന്നു. ഗുരേസില്‍ 33 കെവി ലൈനിലൂടെ വെളിച്ചമെത്തിച്ചിരിക്കുന്നു, എക്‌സ് പോസ്റ്റ് പറയുന്നു.
ചരിത്രദിനമെന്നാണ് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഇതിനെ വിശേഷിപ്പിച്ചത്. മഞ്ഞുവീഴ്ച ആരംഭിക്കുന്നോടെ മാസങ്ങളോളം ഒറ്റപ്പെടുന്ന ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് വലിയ ആശ്വാസവും പുതിയ പിറവിയുമാണ് ഈ നേട്ടമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുരേസിലെ വിവിധ പഞ്ചായത്തുകളിലെ 1500 ഉപഭോക്താക്കള്‍ക്ക് വെളിച്ചമെത്തിക്കാനായതില്‍ ബന്ധപ്പെട്ട എല്ലാവരെയും അഭിനന്ദിക്കുന്നു, മനോജ് സിന്‍ഹ പറഞ്ഞു.