കാശ്മീരിനെക്കുറിച്ചുള്ള യുഎൻ പ്രമേയം ഇന്ത്യ പാലിക്കണമെന്ന പാക്കിസ്ഥാന്റെ ആവശ്യത്തിന് കനത്ത മറുപടി നൽകി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യുഎൻ രക്ഷാസമതിയിലെ തുറന്ന സംവാദത്തിനിടെയാണ് ജയശങ്കറിൻറെ പ്രതികരണം.
“ഒസാമ ബിൻ ലാദനെ സംരക്ഷിച്ചവരുടെ സുവിശേഷം വേണ്ട, ഭീകരാക്രമണങ്ങളെ സാധാരണവൽക്കരിക്കുന്നത് അംഗീകരിക്കാനാകില്ല,”- മന്ത്രി എസ്. ജയശങ്കർ പ്രതികരിച്ചു. ഭീകരവാദികൾക്കെതിരെ നടപടിയെടുക്കുന്നതിൽ രാജ്യാന്തര വേദികളിൽ ചിലർ തടസ്സം നിൽക്കുകയാണെന്നും ജയശങ്കർ കുറ്റപ്പെടുത്തി. ഭീകരതയുടെ വെല്ലുവിളികളിൽ കൂട്ടായ പ്രതികരണവുമായി ലോകം ഒന്നിച്ചു വരികയാണ്. എങ്കിലും കുറ്റവാളികളെ ന്യായീകരിക്കാനും സംരക്ഷിക്കാനും ബഹുമുഖ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ലോകം അസ്വീകാര്യമെന്ന് കരുതുന്നതിനെ ന്യായീകരിക്കുന്ന ചോദ്യം ഒരിക്കലും ഉയർന്നുവരരുത്. അതിർത്തി കടന്നുള്ള ഭീകരതയുടെ സ്പോൺസർഷിപ്പിന് ഇത് ബാധകമാണ്, ഒസാമ ബിൻ ലാദനു ആതിഥ്യമരുളുന്നതും അയൽരാജ്യമായ പാർലമെന്റിനെ ആക്രമിക്കുന്നതും ഈ കൗൺസിലിന് മുമ്പാകെ പ്രസംഗിക്കുന്നതിനുള്ള യോഗ്യതാപത്രങ്ങളായി കാണാനാകില്ല,’- പാക്കിസ്ഥാന്റെ പേര് പറയാതെ മന്ത്രി പറഞ്ഞു.