വിനോദ സഞ്ചാരികളുടെ ഹബ്ബായി മാറാനൊരുങ്ങി ശ്രീനഗര്‍. ഡിസ്നി ലാന്‍ഡ് മാതൃകയിലുള്ള വലിയ അമ്യൂസ്മെന്റ് പാര്‍ക്ക് സ്ഥാപിക്കുമെന്നാണ് ഭരണകൂടം വ്യക്തമാക്കുന്നത്. 100 ഏക്കറിലാകും പദ്ധതി ആവിഷ്‌കരിക്കുക. അമ്യൂസ്മെന്റ് പാര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യാന്തര കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഉപദേശം സ്വീകരിക്കാനാണ് നീക്കം.
ഡിസ്നി, യൂണിവേഴ്സല്‍, റാമോജി എന്നിവ സന്ദര്‍ശിച്ച ശേഷമാകും പാര്‍ക്കിന്റെ രൂപരേഖ തയ്യാറാക്കുക. പദ്ധതി കശ്മീരിലെ വിനോദ സഞ്ചാരത്തിന് പോത്സാഹനം നല്‍കും. കശ്മീരിലെ ആദ്യ വിദേശ സംരംഭമായ മാള്‍ ഓഫ് ശ്രീനഗറിന് തറക്കല്ലിട്ടതിന് തൊട്ടടുത്ത ദിവസമാണ് അമ്യൂസ്മെന്റ് പാര്‍ക്ക് സംബന്ധിച്ച വിവരവും പുറത്തുവന്നത്. 250 കോടി മുതല്‍മുടക്കിലാണ് ശ്രീനഗറില്‍ ഷോപ്പിംഗ് മാള്‍ യാഥാര്‍ത്ഥ്യമാകുക. ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ മാളിന് തറക്കല്ലിട്ടു. ബുര്‍ജ് ഖലീഫയുടെ നിര്‍മ്മാതാക്കളായ ഇമാര്‍ ഗ്രൂപ്പിനാണ് നിര്‍മാണ ചുമതല.
ജമ്മു-കശ്മീരിലെ ആദ്യ വിദേശ നിക്ഷേപം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. 10 ലക്ഷം ചതുരശ്രയടിയില്‍ ഒരുങ്ങുന്ന മാള്‍ 2026-ഓടെ നിര്‍മാണം പൂര്‍ത്തിയാകും. 500-ല്‍ അധികം വ്യാപാര സ്ഥാപനങ്ങള്‍ മാളിലുണ്ടാകും. 150 കോടി രൂപ ചെലവഴിച്ചാകും ഐ.ടി ടവര്‍ നിര്‍മിക്കുക. ജമ്മുവില്‍ പുതിയ ഐ.ടി ടവറിന്റെ നിര്‍മാണവും ഉടന്‍ ആരംഭിക്കുമെന്നും ഷോപ്പിങ് മാള്‍ കശ്മീരിന് പുത്തന്‍ അനുഭവമാകുമെന്നും ഗവര്‍ണര്‍ സൂചിപ്പിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം ജമ്മുകശ്മീരില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ വിനോദ സഞ്ചാരമേഖലയില്‍ പുത്തന്‍ ഊര്‍ജ്ജം പകരുമെന്നാണ് വിലയിരുത്തുന്നത്.