Wednesday, May 14, 2025

പതിറ്റാണ്ടുകൾക്കുമുൻപ് അപ്രത്യക്ഷമായ കടുവകളെ തിരികെ കൊണ്ടുവരാനൊരുങ്ങി കസാക്കിസ്ഥാൻ

അപ്രതീക്ഷിതമായ ഒരു അതിഥിയെ സ്വീകരിക്കാനൊരുങ്ങുകയാണ് കസാക്കിസ്ഥാനിലെ ഇലെ-ബൽഖാഷ് സ്റ്റേറ്റ് നേച്ചർ റിസർവ്. അത് മറ്റാരുമല്ല, ഈ പ്രദേശം 70 വർഷത്തിലേറെയായി കാട്ടിൽ കാണാത്ത കടുവയാണ് ഈ ആവാസവ്യവസ്ഥയിലേക്കു മടങ്ങിയെത്തുന്നത്. ഒരുകാലത്ത് പടിഞ്ഞാറ് തുർക്കി മുതൽ കിഴക്ക് കൊറിയൻ ഉപദ്വീപ് വരെയും റഷ്യയുടെ വടക്കൻ സൈബീരിയൻ പ്രദേശങ്ങൾ മുതൽ ഇന്തോനേഷ്യയിലെ മധ്യരേഖാ ഉഷ്ണമേഖലാദ്വീപുകൾ വരെയും വ്യാപിച്ചുകിടന്നിരുന്ന ആവാസവ്യവസ്ഥയിൽ കടുവകൾ ധാരാളമായിരുന്നു. എന്നാൽ, വേട്ടയാടലും മറ്റും ഈ വലിയ പൂച്ചകളുടെ വംശനാശത്തിൽ കലാശിച്ചു.

എന്നാൽ, ഇന്ന് ഈ ആവാസവ്യവസ്ഥയിലേക്ക് അധികൃതർ രണ്ടു കടുവകളെ മാറ്റിപ്പാർപ്പിച്ചു. ഇവയുടെ കുഞ്ഞുങ്ങൾ രാജ്യത്തെ ആദ്യത്തെ കാട്ടുകടുവകളിൽ ഒന്നായിരിക്കുമെന്ന പ്രതീക്ഷയോടെയാണ് കടുവകളെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. “വംശനാശത്തിനുമുമ്പ് കാസ്പിയൻ മേഖലയിൽ കണ്ടെത്തിയവയുമായി വളരെ സാമ്യമുള്ളതുകൊണ്ടാണ് ഈ കടുവകളെ തിരഞ്ഞെടുത്തത്” – ടൈഗർസ് അലൈവ് ഇനിഷ്യേറ്റീവിന്റെ തലവൻ സ്റ്റുവർട്ട് ചാപ്മാൻ പറയുന്നു.

ബോധാന, കുമ എന്നീ രണ്ട് കടുവകളെ നെതർലാൻഡിൽനിന്നാണ് കസാക്കിസ്ഥാനിലെ റിസർവിലേക്കു കൊണ്ടുവന്നത്. ഈ സംഭവത്തെ, സംരക്ഷണത്തിനുള്ള ഒരു സുപ്രധാന നിമിഷമായി ചാപ്മാൻ വിശേഷിപ്പിച്ചു. ഇത് കടുവകളുടെ ഭാവിയിൽ പ്രതീക്ഷ നൽകുന്നുവെന്ന് പറയുന്നുവെന്നും അത് ഈ മേഖലയിൽ മാത്രമല്ല, ആഗോളതലത്തിലും പ്രതീക്ഷയ്ക്കു വക നൽകുമെന്നും വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

2010 ലാണ്, കടുവകളെ തിരികെ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ  കസാക്കിസ്ഥാൻ ആദ്യമായി പ്രഖ്യാപിച്ചത്. 2018 ൽ സർക്കാർ അതിനായി ഇലെ-ബൽഖാഷ് സ്റ്റേറ്റ് നേച്ചർ റിസർവ് സ്ഥാപിച്ചു. ഡബ്ല്യു. ഡബ്ല്യു. എഫിന്റെയും ഐക്യരാഷ്ട്ര വികസനപരിപാടിയുടെയും പിന്തുണയോടെ നടത്തിയ ശ്രമങ്ങളിൽ വംശനാശഭീഷണി നേരിടുന്ന ബുഖാറ മാൻ, കുലാൻ തുടങ്ങിയ കടുവ ഇരകളുടെ വലിയ റിലീസ് പ്രോഗ്രാമുകളും ഉൾപ്പെടുന്നു.

Latest News