കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഭിന്നതയെത്തുടർന്ന് കഴക്കൂട്ടം എലവേറ്റഡ് ഹൈവേയുടെ ഉദ്ഘാടനം അനിശ്ചിതത്വത്തിൽ.
എലവേറ്റഡ് ഹൈവേ ഗതാഗതത്തിനായി ഇന്ന് തുറന്നു കൊടുക്കാനായിരുന്നു തീരുമാനം. എന്നാൽ സർക്കാരുകൾതമ്മിലുള്ള ഭിന്നതയെത്തുടർന്ന് ഉദ്‌ഘാടന തീയതിയിൽ മാറ്റം വരുത്തുകയായിരുന്നു.
തലസ്ഥാന ജില്ലയുടെ അഭിമാനമായ കഴക്കൂട്ടം ആകാശപാത കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ് നിർമ്മിച്ചത്. എന്നാൽ, ഒക്ടോബറിൽ മേൽപ്പാലം സന്ദർശിച്ച സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നവംബർ 15 ന് ഗതാഗതത്തിനായി പാലം തുറന്ന് നൽകുമെന്ന് പ്രഖ്യപിച്ചിരുന്നു. അതേസമയം, മേലപ്പാലത്തിൻറെ ഉദ്‌ഘാടനം കൂടിയാലോചനയില്ലാതെ സംസ്ഥാന സർക്കാർ സ്വന്തമായി പ്രഖ്യാപിച്ചതിലാണ് കേന്ദ്രത്തിന് അതൃപ്തി.
2018 ൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ആകാശപാതയുടെ നിർമ്മാണോദ്ഘാടനം നടത്തിയത്. എന്നാൽ കോവിഡ് പലതവണ വില്ലനായി എത്തിയതോടെ നിർമ്മാണം വൈകുകയായിരുന്നു. സർക്കാരുകൾ തമ്മിലുളള ഭിന്നതയെ തുടർന്ന് വീണ്ടും ഉദ്ഘാടനം വൈകുമോ എന്നതാണ് നിലവിലെ പ്രതിസന്ധി.
അതേസമയം നിർമാണം പൂർത്തിയായിട്ടില്ലെന്നും അടുത്ത മാസം ഉദ്ഘാടനം ഉണ്ടാകുമെന്നാണ് ദേശീയ പാത അതോറിറ്റി നൽകുന്ന വിശദീകരണം. 2.72 കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാലം തുറന്നാൽ കഴക്കൂട്ടത്തെ ഗതാഗത കുരുക്കിന് അറുതിയാകും എന്നാണ് പ്രതീക്ഷ.