അവിവാഹിതരായ സ്ത്രീകള്‍ അടക്കം എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രം നടത്താനുള്ള അവകാശമുണ്ടെന്ന സുപ്രീം കോടതി വിധി ആശങ്ക ഉളവാക്കുന്നതാണ്. ജീവനെതിരേയുള്ള നിലപാട് സ്വീകരിക്കാന്‍ ഇതു പലര്‍ക്കും പ്രേരണനല്കും. ഓരോ ജീവനും ഉദ്ഭവം മുതലേ മനുഷ്യ വ്യക്തിയാണ്, അതിനാല്‍ അതു സംരക്ഷിക്കപ്പെടേണ്ടതാണ്.
സ്ത്രീകള്‍ക്കെതിരേയുള്ള എല്ലാത്തരം കുറ്റകൃത്യങ്ങളും എതിര്‍ക്കപ്പെടേണ്ടതാണ്. സ്ത്രീകളെ ബഹുമാനിക്കുന്നതും അവരെ സംരക്ഷിക്കുന്നതുമായ സംസ്‌കാരം ഈ സമൂഹത്തില്‍ ശക്തിപ്പെടേണ്ടതുണ്ട്. എന്റെ ശരീരം എന്റെ അവകാശം എന്ന വിധത്തില്‍ ജീവനു വില കല്പിക്കാത്ത എല്ലാത്തരം പ്രവര്‍ത്തനങ്ങളും സാമൂഹിക ജീവിതത്തിന്റെ താളം തെറ്റിക്കും.
സ്ത്രീകളുടെ അവകാശം മാത്രമായി ഗര്‍ഭസ്ഥ ശിശുവിനെ പരിമിതപ്പെടുത്തുന്നത് മനുഷ്യമഹത്വം കുറച്ചു കാണിക്കുന്നതിനു തുല്യമാണ്. ഗര്‍ഭത്തില്‍ ജീവന്‍ ഉദ്ഭവിക്കുന്നത് സ്ത്രീകളുടെ മാത്രം പ്രവര്‍ത്തനം മൂലമല്ല അതിനാല്‍ തന്നെ കുടുംബ ഭദ്രതയ്ക്കും സ്ത്രീ മഹത്വത്തിനും വേണ്ടി ഗര്‍ഭസ്ഥ ശിശുക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം രാജ്യത്തിനും നിയമസംവിധാനങ്ങള്‍ക്കുണ്ട്.