കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിലനില്‍ക്കുന്ന സാമുദായിക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീ വി.ടി ബല്‍റാം പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റിലെ ചില പരാമര്‍ശങ്ങള്‍ തികച്ചും തെറ്റിദ്ധാരണാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍. ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് ഒരു രൂപതാധ്യക്ഷന്‍ തന്റെ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കില്‍ അതൊരു വിദ്വേഷ പ്രചരണത്തിനുള്ള ശ്രമമായിരുന്നില്ലെന്നും കമ്മീഷന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. കെസിബിസി സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിലനില്‍ക്കുന്ന സാമുദായിക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീ വി.ടി ബല്‍റാം പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റിലെ ചില പരാമര്‍ശങ്ങള്‍ തികച്ചും തെറ്റിദ്ധാരണാജനകവും പ്രതിഷേധാര്‍ഹവുമാണ്. ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് ഒരു രൂപതാധ്യക്ഷന്‍ തന്റെ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കില്‍ അതൊരു വിദ്വേഷ പ്രചരണത്തിനുള്ള ശ്രമമായിരുന്നില്ല.
കഴിഞ്ഞ അനേക വര്‍ഷങ്ങളായി ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുകയും, ഇപ്പോള്‍ കേരളം അഭിമുഖീകരിക്കുകയും ചെയ്യുന്ന ചില പ്രതിഭാസങ്ങളുടെ പശ്ചാത്തലത്തില്‍ ബോധപൂര്‍വ്വം നല്‍കിയ മുന്നറിയിപ്പാണത്. സാമൂഹിക സൗഹാര്‍ദ്ദത്തിനും മത മൈത്രിക്കും ഏറ്റവും കൂടിയ പരിഗണന നല്‍കിയിട്ടുള്ള ക്രൈസ്തവ സമൂഹം പോലും അത്തരം ഗൗരവമുള്ള മുന്നറിയിപ്പുകള്‍ നല്‍കാന്‍ നിര്‍ബ്ബന്ധിതരാകുന്ന പശ്ചാത്തലത്തെക്കുറിച്ച് ശ്രീ. വി.ടി ബല്‍റാമിനെപ്പോലുള്ള രാഷ്ട്രീയ നേതാക്കള്‍ കൂടുതല്‍ പഠിക്കേണ്ടതുണ്ട്.
ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ചും തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചും ഒട്ടേറെ മുന്നറിയിപ്പുകള്‍ ഇതിനകം നമുക്ക് ലഭിച്ചുകഴിഞ്ഞു. മുന്‍ ഡിജിപിമാര്‍ പലരും ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. കേരളത്തില്‍ ഡീ റാഡിക്കലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളായി നടക്കുന്നു എന്ന് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങളോളം അച്ചടിച്ച് വിതരണം ചെയ്യപ്പെട്ടിട്ടുള്ള ചില ഗ്രന്ഥങ്ങള്‍ കേരളത്തില്‍ നിരോധിക്കപ്പെടുകയുണ്ടായിട്ടുണ്ട്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരകമാകുന്നു എന്ന് കണ്ടെത്തി നിരോധിക്കണമെന്ന് പോലീസ് മേധാവി ആവശ്യപ്പെട്ട ‘വിജയത്തിന്റെ വാതില്‍, വാളിന്റെ തണലില്‍’ എന്ന ഗ്രന്ഥം അവസാനത്തെ ഉദാഹരണമാണ്.
മയക്കുമരുന്നും തീവ്രവാദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്തര്‍ദേശീയ പഠനങ്ങള്‍ ഒട്ടേറെ ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ മയക്കുമരുന്നിന്റെ ഉപഭോഗവും വിപണനവും ഭീതിജനകമാം വിധം വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ അത്തരം ആശങ്കകള്‍ ഉയരുന്നെങ്കില്‍ അത് തള്ളിക്കളയേണ്ട കാര്യമല്ല, മറിച്ച് ഗൗരവമായി ചിന്തിക്കുകയും അന്വേഷണങ്ങള്‍ നടത്തുകയും ചെയ്യേണ്ട വിഷയമാണ്. ഇത്തരം പശ്ചാത്തലങ്ങള്‍ മനഃപൂര്‍വ്വം അവഗണിച്ചുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്താനുള്ള പ്രവണത നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് അപലപനീയമാണ്.