Sunday, November 24, 2024

സൗമ്യമായ വ്യക്തിത്വമായിരുന്നു ശ്രീ കോടിയേരി ബാലകൃഷ്ണന്റേത്: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

സൗമ്യമായ വ്യക്തിത്വമായിരുന്നു ശ്രീ കോടിയേരി ബാലകൃഷ്ണന്റേതെന്ന് കെ സി ബി സി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. കോടിയേരി ബാലകൃഷ്ണന്‍ സൗമ്യമായ പെരുമാറ്റം കൊണ്ടും സൗഹൃദ ശൈലിയിലുള്ള ഇടപെടല്‍ കൊണ്ടും പൊതു സമൂഹത്തില്‍ സ്വീകാര്യത നേടിയ വ്യക്തിയായിരുന്നു.

എല്ലാ വിഭാഗം ജനങ്ങളുമായി സംവേദിക്കാനുള്ള പ്രത്യേക ശൈലി അദ്ദേഹത്തിനുണ്ടായിരുന്നു. കേരളത്തിന്റെ ആഭ്യന്തര-ടൂറിസം മന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനം നല്ല ഭരണാധികാരിയാണെന്നു തെളിയിക്കുന്നതായിരുന്നു. തന്റെ നേതൃപാടവം കൊണ്ട് രാഷ്ട്രീയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ കോടിയേരി ബാലകൃഷ്ണന്‍ സൗമ്യതയാണ് എല്ലാവരെയും ചേര്‍ത്തു നിര്‍ത്താനുള്ള കരുത്ത് നല്‍കുന്നതെന്ന് പൊതു പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തിക്കൊണ്ടാണ് കടന്നുപോകുന്നത്.

ശ്രീ കോടിയേരി ബാലകൃഷ്ണന്റെ ദേഹ വിയോഗത്തില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ അനുശോചനം അറിയിക്കുന്നു.

ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി, കെസിബിസി

 

Latest News