വനം വകുപ്പിന്റെ കെടുകാര്യസ്ഥതമൂലം വീണ്ടും ഒരു മനുഷ്യജീവൻകൂടി വയനാട്ടിൽ പൊലിഞ്ഞിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ നിരുത്തരവാദിത്വപരമായ സമീപനങ്ങൾക്ക് തെളിവാണ്. വയനാട്ടിലും ഇടുക്കിയിലും മറ്റും വന്യമൃഗങ്ങൾ മനുഷ്യജീവനും സമാധാനപൂർണ്ണമായ ജീവിതത്തിനും സമാനതകളില്ലാത്ത ഭീഷണിയായി മാറിയിരിക്കുന്നു. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി വനത്തിന്റെ സമീപപ്രദേശങ്ങളിൽ മാത്രമല്ല, കിലോമീറ്ററുകൾ ദൂരെ ജീവിക്കുന്ന ഗ്രാമീണർക്കും വന്യമൃഗശല്യം വലിയ വെല്ലുവിളി ഉയർത്തിയിട്ടുണ്ട്.
രൂക്ഷമായ ഈ പ്രതിസന്ധിഘട്ടത്തിലും സർക്കാർ ഏതുവിധത്തിലുള്ള നടപടികളാണ് സ്വീകരിക്കുന്നത് എന്നുള്ളത് വലിയ ചോദ്യചിഹ്നമാണ്. പതിനായിരക്കണക്കിന് ജനങ്ങൾ ഇത്തരം വെല്ലുവിളികൾ നേരിടുന്നതിനിടയിലും കൂടുതൽ ജനദ്രോഹപരമായ വകുപ്പുകൾ ഉൾപ്പെടുത്തി വനനിയമം പരിഷ്കരിക്കുന്നതിനാണ് സർക്കാർ നീക്കം നടത്തിയത്. പ്രതിഷേധങ്ങളെ തുടർന്ന് പരിഷ്കരണശ്രമം സംസ്ഥാന സർക്കാർ പിൻവലിച്ചെങ്കിലും കഴിഞ്ഞ ദിവസം അതിനെതിരായി പ്രമേയം പാസ്സാക്കിയ ഫോറസ്റ്റ് റെയ്‌ഞ്ചേഴ്‌സ് ഫോറത്തിന്റെ നടപടി അത്യന്തം അപലപനീയമാണ്. ആ യോഗത്തിൽ സംസ്ഥാന വനം മന്ത്രി അധ്യക്ഷനായിരുന്നു എന്ന വസ്തുത ലജ്ജാകരമാണ്.
വന്യജീവികൾ മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വിധത്തിൽ നാട്ടിലേക്കിറങ്ങുന്നത് പതിവായിരിക്കെ, അതിനെ പ്രതിരോധിക്കാൻ യാതൊരു നടപടിയും വനം വകുപ്പ് കൈക്കൊള്ളുന്നില്ല എന്നുള്ളതാണ് വസ്തുത. വന്യജീവികൾ വനം നിറഞ്ഞ് നാട്ടിലേക്കിറങ്ങുന്ന സാഹചര്യം പരിഗണിച്ച് യുക്തമായ നടപടികൾ സ്വീകരിക്കാനും മനുഷ്യജീവനും സ്വത്തിനും സംരക്ഷണം ഒരുക്കാനും സർക്കാരിനും വനം വകുപ്പിനുമാണ് ഉത്തരവാദിത്വമുള്ളത്. ലഭ്യമായ കണക്കുകൾ പ്രകാരം 344 ചതുരശ്ര കിലോമീറ്റർ മാത്രം വരുന്ന വയനാട് വന്യജീവിസങ്കേതത്തിൽ 2006 ൽ അറുപതിൽ താഴെ കടുവകളാണ് ഉണ്ടായിരുന്നതെങ്കിൽ 2018 ആയപ്പോൾ അവയുടെ എണ്ണം വനത്തിന് താങ്ങാൻ കഴിയാത്തവണ്ണം നൂറ്റിയെൺപതോളമായി. ഇത്തരത്തിൽ കടുവകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം പരിഗണിച്ചാൽ വരുംകാലത്ത് കടുവയുടെ ശല്യം വയനാട്ടിലും സമീപപ്രദേശങ്ങളിലും കുത്തനെ ഉയരുമെന്ന് തീർച്ചയാണ്.
മനുഷ്യജീവന് ഭീഷണിയുയർത്തുന്ന വിധത്തിൽ ആനകളുടെ ശല്യവും പലയിടങ്ങളിലായി വർധിച്ചുകൊണ്ടിരിക്കുന്നു. ജനുവരി 23 ന് മാധ്യമങ്ങൾ ഏറിയ പങ്കും വലിയ വാർത്താപ്രാധാന്യം നൽകിയത് ജനവാസമേഖലയിൽ കിണറ്റിൽ ഒരു ആന അകപ്പെട്ട സംഭവത്തിനും അതിരപ്പിള്ളിയിൽ ഒരു ആനയുടെ തലയിൽ പരിക്കേറ്റ സംഭവത്തിനുമായിരുന്നു. വന്യമൃഗങ്ങളാൽ മനുഷ്യജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങൾക്ക് അത്രപോലും ഗൗരവം നൽകാൻ മാധ്യമങ്ങളോ, സർക്കാരോ തയ്യാറാകുന്നില്ല എന്നുള്ളത് ഖേദകരമാണ്. ഈ ഘട്ടത്തിൽ, മനുഷ്യജീവനും മനുഷ്യരുടെ സ്വൈര്യജീവിതത്തിനും തടസ്സമാകുന്ന വന്യമൃഗശല്യം നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കണം. വനം വിട്ട് വന്യജീവികൾ ജനവാസമേഖലകളിലേക്ക് ഇറങ്ങുന്ന സംഭവങ്ങളിൽ അതിനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥരുടേതായിരിക്കുമെന്ന നിലപാട് കൈക്കൊള്ളുകയും കൃത്യവിലോപത്തിന് കർശന നടപടികൾ സ്വീകരിക്കുകയും വേണം. വന്യമൃഗ അആക്രമണങ്ങളാൽ മനുഷ്യജീവന് നഷ്ടപ്പെടുന്ന സംഭവങ്ങൾ ഇനി ആവർത്തിച്ചുകൂടാ.
ഫാ. ഡോ. മൈക്കിൾ പുളിക്കൽ സി. എം. ഐ., സെക്രട്ടറി, കെ. സി. ബി. സി. ജാഗ്രതാ കമ്മീഷൻ