പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവമേലധ്യക്ഷന്മാര്‍ക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ കേരള സംസ്ഥാന സംസ്‌കാരിക വകുപ്പുമന്ത്രി ശ്രീ. സജി ചെറിയാന്റെ വാക്കുകള്‍ അപക്വവും തരംതാഴ്ന്നതുമെന്ന് കെ.സി.ബി.സി വക്താവും ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി.
കെ.സി.ബി.സി ആസ്ഥാനമായ പി.ഒ.സിയില്‍ വച്ചുനടന്ന ക്രിസ്തുമസ് ആഘോഷം സംബന്ധിച്ച് മുന്‍ മന്ത്രി ശ്രീ കെ.ടി. ജലീല്‍ നടത്തിയ ആക്ഷേപകരമായ പരാമര്‍ശത്തെയും അദ്ദേഹം വിമര്‍ശിച്ചു.
രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ക്ഷണത്തെ ക്രൈസ്തവനേതൃത്വം സ്വീകരിക്കുന്നത് രാജ്യത്തോടുള്ള ക്രൈസ്തവസമൂഹത്തിന്റെ പ്രതിബദ്ധതയുടെ ഭാഗംകൂടിയാണ്. അതിനെ തരംതാണ രാഷ്ട്രീയക്കണ്ണുകളോടെ വീക്ഷിക്കുകയും അപക്വമായ പരാമര്‍ശങ്ങള്‍ നടത്തുകയും അവഹേളനത്തിനുള്ള ആയുധമാക്കി ഉപയോഗിക്കുകയും ചെയ്യുന്നത് അപലപനീയമാണ്. ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്ക് ആ സ്ഥാനത്തിനൊത്ത സംസ്‌കാരവും പക്വതയും ചിന്തയിലും പ്രതികരണങ്ങളിലും കാത്തുസൂക്ഷിക്കാനുള്ള പ്രതിബദ്ധതയും ഉണ്ടായിരിക്കേണ്ടതുണ്ടെന്ന് കെസിബിസി പ്രതിനിധി വിമര്‍ശിച്ചു.