Tuesday, December 3, 2024

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഫണ്ടിന്റെ ദുരുപയോഗം; സര്‍ക്കാര്‍ അടിയന്തര തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കെ.സി.ബി.സി. ജാഗ്രത കമ്മീഷന്‍

ജൂലൈ 11ന് നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ട CAG (Comptroller and Auditor General) റിപ്പോര്‍ട്ടിലെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളെ സംബന്ധിക്കുന്ന കണ്ടെത്തലുകള്‍ (റിപ്പോര്‍ട്ട് നമ്പര്‍ 3, സെക്ഷന്‍ സി, അധ്യായം 6) ഗൗരവമേറിയതാണ്. റിപ്പോര്‍ട്ട് പ്രകാരം 2017 – 2022 കാലയളവില്‍ പലപ്പോഴായി പ്രീ, പോസ്റ്റ് – മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിലും നടപടിക്രമങ്ങള്‍ പാലിക്കുന്നതിലും പ്രസ്തുത സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്നതിലും കുറ്റകരമായ അനാസ്ഥയും നിര്‍ത്തരവാദിത്വപരമായ സമീപനവും ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതല്‍ പൊതു, ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ വരെ സ്വീകരിച്ചതായാണ് CAG റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ തുടര്‍ നടപടികള്‍ക്ക് വിധേയമാക്കാത്തതും, ഒരേ കുടുംബത്തിലെ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാനിടയായതും, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ ഒരേ വിദ്യാര്‍ത്ഥിക്ക് തന്നെ ലഭിക്കുന്നതും, പെണ്‍കുട്ടികള്‍ക്കായുള്ള സി എച്ച് മുഹമ്മദ്‌കോയ സ്‌കോളര്‍ഷിപ്പ് ആണ്‍കുട്ടികള്‍ക്ക് ലഭിക്കാനിടയായതും ഗുരുതരമായ വീഴ്ചകളാണ്.

സ്‌കോളര്‍ഷിപ്പുകളുടെ നടപടിക്രമങ്ങളിലെ വീഴ്ചകള്‍ക്ക് പുറമേ, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ക്കായുള്ള ഫണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് വകമാറ്റി ചെലവഴിച്ചെന്നുള്ള കണ്ടെത്തലും ഗുരുതരമാണ്. നിയമാനുസൃത അനുമതികള്‍ പോലുമില്ലാതെ ലക്ഷക്കണക്കിന് രൂപ വകമാറ്റി ചെലവഴിച്ച ഇത്തരം നീക്കങ്ങള്‍ അത്യന്തം പ്രതിഷേധാര്‍ഹവും തിരുത്തപ്പെടേണ്ടതുമാണ്.

വാഹനങ്ങള്‍ വാങ്ങുന്നതിനും, വാഹനങ്ങള്‍ക്ക് വാടക നല്‍കുന്നതിനും, അലവന്‍സുകള്‍ നല്‍കുന്നതിനും മറ്റുമായി ന്യൂനപക്ഷ ഫണ്ട് ദുരുപയോഗം ചെയ്ത അതേ കാലയളവില്‍, ഫണ്ടില്ല എന്ന കാരണം പറഞ്ഞ് അര്‍ഹിക്കുന്ന അപേക്ഷകര്‍ക്ക് പോലും സ്‌കോളര്‍ഷിപ്പുകള്‍ നിഷേധിക്കുന്ന അവസ്ഥയുണ്ടായിരുന്നു എന്നതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.

തന്നെയുമല്ല, ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പില്‍ നടന്നതുപോലെ തന്നെയുള്ള ഒട്ടേറെ കൃത്രിമങ്ങളും, സാമ്പത്തിക അതിക്രമങ്ങളും പിന്നാക്ക വിഭാഗങ്ങളില്‍ (SC, ST) പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുമായും ബന്ധപ്പെട്ട് നടന്നിട്ടുണ്ട് എന്ന ഇഅഏ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ (റിപ്പോര്‍ട്ട് നമ്പര്‍ 3, സെക്ഷന്‍ A-B, അധ്യായം 2-5) പൊതു സമൂഹത്തിന്റെ മനസാക്ഷിയെ ഉണര്‍ത്തേണ്ടതാണ്.

ന്യൂനപക്ഷങ്ങള്‍ക്കും, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും അനുവദിക്കപ്പെട്ടിട്ടുള്ള പദ്ധതികളില്‍ കൃത്രിമം കാണിക്കുകയും, ഭരണഘടനാ ലംഘനങ്ങള്‍ക്ക് മൗനാനുവാദം നല്‍കുകയും ചെയ്യുന്ന നയങ്ങള്‍ സര്‍ക്കാരോ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളോ, ഉദ്യോഗസ്ഥരോ സീകരിക്കുന്നുണ്ടെങ്കില്‍ അത് അപലപനീയവും തിരുത്തപ്പെടേണ്ടതുമാണ്. ഭരണഘടനാനുസൃതമായി അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പൗരന്‍മാര്‍ക്ക് ഉറപ്പുവരുത്തുന്നതില്‍ സംഭവിക്കുന്ന വീഴ്ച അത്യന്തം ഗുരുതരവും കുറ്റകരവുമാണ്.

തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം, തുടര്‍ന്ന് ഇത്തരം വിഷയങ്ങളില്‍ സുതാര്യമായ ഇടപെടലുകള്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുകയും, സേവനങ്ങളില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. സ്‌കോളര്‍ഷിപ്പുകളുടെ ക്രിയാത്മകവും നിയമാനുസൃതവും സുതാര്യവുമായ നടത്തിപ്പിനായി ഇഅഏ നല്‍കിയിട്ടുള്ള ശിപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയും വേണം.

ഫാ. മൈക്കിള്‍ പുളിക്കല്‍ CMI
സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷന്‍

 

Latest News