കെനിയയിൽ ഉൾനാടൻ ഗ്രാമത്തിൽ പതിച്ച അജ്ഞാതവസ്തു ജനങ്ങളിൽ ആശങ്ക പരത്തി. ആകാശത്തുനിന്ന് ചൂടുള്ള, ചുവന്ന ഒരു വസ്തു തിങ്കളഴ്ച ഉച്ചകഴിഞ്ഞാണ് ഗ്രാമത്തിൽ പതിച്ചത്. കെനിയയിലെ തെക്കൻ കൗണ്ടിയായ മകുനിയിലെ വിദൂരഗ്രാമമായ മുക്കുവിലാണ് ബഹിരാകാശമാലിന്യം എന്ന് കരുതപ്പെടുന്ന വസ്തു പതിച്ചത്.
“ഏകദേശം 2.5 മീറ്റർ വ്യാസവും 500 കിലോഗ്രാം ഭാരവുമുള്ള ലോഹവളയമായ ഈ വസ്തു ഒരു ബഹിരാകാശവസ്തുവിന്റെ ശകലമാണെന്ന് വ്യക്തമാക്കാൻ ഏജൻസി ആഗ്രഹിക്കുന്നു” – കെനിയ ബഹിരാകാശ ഏജൻസി പറഞ്ഞു. പ്രാഥമിക വിലയിരുത്തലുകൾ ഇത് ഒരു റോക്കറ്റിൽനിന്നുള്ള വേർതിരിക്കൽ വളയമാണെന്ന് സൂചിപ്പിക്കുന്നു. ബഹിരാകാശ അവശിഷ്ടങ്ങൾ സാധാരണയായി സമുദ്രത്തിൽ വീഴുകയോ, ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് കത്തിക്കരിഞ്ഞു പോകുകയോ ചെയ്യുകയാണ് പതിവ്. എന്നാൽ ഈ വസ്തു അതേപോലെ ഭൂമിയിൽ പതിക്കുകയായിരുന്നു. ഇതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഏജൻസി വ്യക്തമാക്കി.
വീണുപോയ വസ്തു ഒരു ഒറ്റപ്പെട്ട സംഭവമായിരിക്കാമെന്നും ഇപ്പോഴും അതിനെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഏജൻസി കൂട്ടിച്ചേർത്തു. തിങ്കളാഴ്ച സംഭവമറിഞ്ഞ് ഉദ്യോഗസ്ഥർ എത്തുമ്പോഴും വസ്തുവിൽ നല്ല ചൂടുണ്ടായിരുന്നു. അത് തണുക്കുന്നതുവരെ സമീപത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.