Thursday, October 10, 2024

ഡിജിറ്റൽ സർവേയ്ക്ക് തുടക്കം കുറിച്ച് കേരളം

കേരളപ്പിറവി ദിനത്തിൽ ഡിജിറ്റൽ സർവേയ്ക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഴുവൻ ഭൂമിയും ഡിജിറ്റലായി അളന്ന് റെക്കോർഡുകൾ തയ്യാറാക്കുന്ന ഡിജിറ്റൽ റീ സർവേയ്ക്കാണ് സംസ്ഥാനത്ത് തുടക്കമാകുന്നത്. ‘എന്റെ ഭൂമി’ എന്ന പേര് നൽകിയിരിക്കുന്ന പദ്ധതി നവകേരള നിർമിതിയിൽ ഡിജിറ്റൽ വിപ്ലവം സൃഷ്ടിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്നു.

നാല് വർഷം കൊണ്ട് മുഴുവൻ ഭൂമിയും ഡിജിറ്റലായി അളന്ന് തിട്ടപ്പെടുത്തി ഭൂരേഖ തയ്യാറാക്കുകയാണ് പദ്ധതികൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ക്രയവിക്രയങ്ങളും സുതാര്യമാകുമെന്നും പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തെ 1550 വില്ലേജുകളിലും നാല് വർഷം കൊണ്ട് ഡിജിറ്റൽ റീസർവേ പൂർത്തിയാകും. ഡ്രോൺ അടക്കമുള്ള സംവിധാനങ്ങളും റീസർവേയ്ക്കായി ഉപയോഗപ്പെടുത്തും.

എന്നാൽ ഇതിനൊടകം തന്നെ 116 വില്ലേജുകളിൽ ഡിജിറ്റൽ രൂപത്തിലുള്ള ആർ.ടി.കെ സാങ്കേതിക വിദ്യ ഉപയോഗിച്ച് സർവേ പൂർത്തീകരിച്ചിട്ടുണ്ട്. സർവേ പൂർത്തീകരിക്കുന്നതിന് 1500 സർവേയർമാരെയും 3200 ഹെൽപ്പർമാരെയും കരാറടിസ്ഥാനത്തിൽ നിയമിക്കും. 858.42 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ഭൂമി സംബന്ധിച്ച അന്തിമമായ രേഖ റവന്യൂ വകുപ്പിന് കൈമാറുന്നതിന് മുൻപ് ഇതിന്റെ കരട് ഭൂവുടമക്ക് കാണാനും എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ ഉന്നയിക്കാനുള്ള അവസരവും ലഭിക്കും.

Latest News