Tuesday, November 26, 2024

വനിതാ സ്‌പീക്കർ പാനൽ; ചരിത്രം കുറിച്ച് കേരള നിയമസഭ

സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്ത അവസരങ്ങളിൽ സഭയെ നിയന്ത്രിക്കുന്ന പാനലിലേയ്ക്ക് ആദ്യമായി സ്ത്രീകളെ നിയമിച്ചു കേരള നിയമസഭാ. ഭരണപക്ഷത്ത് നിന്ന് യു പ്രതിഭയും സി കെ ആശയും പ്രതിപക്ഷത്ത് നിന്ന് കെ കെ രമയുമാണ് പാനലിലുള്ളത്. നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു സ്ഥാനത്തേയ്ക്ക് സ്ത്രീകളെയും നിയമിക്കുന്നത്.

പാനൽ ചെയർമാൻ എന്നാണ് ഇത്തരത്തിൽ സഭ നിയന്ത്രിക്കുന്ന അംഗങ്ങളെ വിശേഷിപ്പിക്കുന്നത്. ഓരോ സഭാ കാലഘട്ടത്തിലും പ്രത്യേക ലിസ്റ്റ് തയ്യാറാക്കിയാണ് സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ നടപടിക്രമങ്ങൾ നിയന്ത്രിക്കാനുള്ളവരെ തിരഞ്ഞെടുക്കാറുള്ളത്. വരുന്ന സമ്മേളനത്തിൽ പാനൽ ചെയർമാൻ സ്ഥാനത്തേക്ക് വനിത അംഗങ്ങളെ ശുപാർശ ചെയ്യാൻ സ്പീക്കർ എ എം ഷംസീർ കക്ഷി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

പ്രതിപക്ഷത്തു നിന്ന് ഉമാ തോമസ്, കെ കെ രമയുടെ പേരുകളും ഭരണപക്ഷത്തു നിന്ന് യു പ്രതിഭ, കാനത്തിൽ ജമീല, സി കെ ആശ എന്നിവരുടെ പേരുകളുമാണ് അതത് കക്ഷികൾ നാമനിർദ്ദേശം ചെയ്തിരുന്നത്. ഇവരിൽ നിന്ന് സീനിയോരിറ്റി അനുസരിച്ചാണ് സഭ നിയന്ത്രിക്കേണ്ടവരെ സ്പീക്കർ തിരഞ്ഞെടുത്തത്.

Latest News