നിരാശയുടെയും കാത്തിരിപ്പിന്റെയും നാളുകള്‍ക്ക് വിട. കന്നി ഐഎസ്എല്‍ ഫുട്ബോള്‍ കിരീടത്തിനരികെ കേരള ബ്ലാസ്റ്റേഴ്സ്. ഇത് മൂന്നാംവട്ടമാണ് കലാശപ്പോരിന് ബ്ലാസ്‌റ്റേഴ്‌സ് യോഗ്യത നേടുന്നത്. നാല് സീസണുകള്‍ക്കുശേഷം ആദ്യമായും. 2014ലെ പ്രഥമ പതിപ്പിലും 2016ലും ഫൈനലില്‍ എടികെ മോഹന്‍ ബഗാനോട് തോറ്റ് മടങ്ങുകയായിരുന്നു.
പോയ നാല് സീസണുകളിലും ബ്ലാസ്‌റ്റേഴ്‌സ് തീര്‍ത്തും മങ്ങി. തുടര്‍ത്തോല്‍വികള്‍. എപ്പോഴും അവസാനക്കാരുടെ നിരയില്‍. പരിശീലകരും കളിക്കാരും മാറിവന്നു. എന്നാല്‍, ഇത്തവണ എല്ലാം മായ്ക്കുന്ന പ്രകടനമായിരുന്നു. മാനേജ്മെന്റും ഫലപ്രദമായി ഇടപെട്ടു. അഡ്രിയാന്‍ ലൂണയും അല്‍വാരോ വാസ്‌കസും ഉള്‍പ്പെടുന്ന മികച്ച വിദേശ താരങ്ങളെ ടീമിലെത്തിച്ചു.
ഇന്ത്യക്കാരില്‍ പരിചയസമ്പന്നനായ ഹര്‍മന്‍ജോത് ഖബ്രയ്ക്കൊപ്പം യുവതാരങ്ങളും എത്തി. എല്ലാത്തിനുംമീതെ സെര്‍ബിയയില്‍നിന്ന് ഇവാന്‍ വുകോമനോവിച്ച് എന്ന പരിശീലകനും. കളത്തില്‍ വുകോമനോവിച്ചിന്റെ സമവാക്യങ്ങള്‍ ഫലിച്ചു. തുടര്‍ജയങ്ങളുമായി ബ്ലാസ്റ്റേഴ്സ് മുന്നേറി. പ്രാഥമികഘട്ടത്തില്‍ 20 കളിയില്‍ ഒമ്പതെണ്ണം ജയിച്ചു. ലീഗ് ചരിത്രത്തിലാദ്യമായാണ് ഒറ്റ സീസണില്‍ ബ്ലാസ്റ്റേഴ്സ് ഇത്രയും മത്സരത്തില്‍ ജയംനേടുന്നത്. തോറ്റത് ആകെ നാലെണ്ണത്തില്‍. ഏഴ് സമനിലയും.
നാലാംസ്ഥാനക്കാരായാണ് സെമിയില്‍ പ്രവേശിച്ചത്. ഇരുപാദ സെമിയിലും പ്രതീക്ഷ തെറ്റിച്ചില്ല. ഫൈനലിലേക്ക്. ഇരുപതിന് ഫത്തോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം.