രണ്ടാം പിണറായി സര്‍ക്കാറിന്റെ മൂന്നാം സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു. ഇടത് സര്‍ക്കാരിന്റെ നയം മാറ്റം വ്യക്തമാക്കുന്നതാണ് മൂന്നാം ബജറ്റ്. സഹകരണ മേഖലകളെയും പരമ്പരാഗത വ്യവസായങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്ന് മാറി, ഐടി പാര്‍ക്കുകള്‍ക്കും പുതിയതലമുറ വ്യവസായങ്ങള്‍ക്കും കൂടുതല്‍ തുക വകയിരുത്തുന്നതാണ് ഇത്തവണത്തെ ബജറ്റ്. വിഴിഞ്ഞം, മെട്രോ പദ്ധതികള്‍ക്ക് ബജറ്റ് പ്രാധാന്യം നല്‍കുന്നു. ഐടി മേഖലയ്ക്ക് 507 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്.
പ്രധാനമായി സ്വകാര്യ നിക്ഷേപങ്ങള്‍ക്ക് വഴി തുറക്കുകയാണ് ഈ ബജറ്റ്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. മാത്രമല്ല മെഡിക്കല്‍ ഹബ്ബാക്കി കേരളത്തെ മാറ്റുമെന്നും ബജറ്റില്‍ പറയുന്നു. എന്നാല്‍ ക്ഷേമ പെന്‍ഷനുകള്‍ കൂട്ടിയിട്ടില്ല. പകരം സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കുമെന്നും പകരം മറ്റൊന്ന് ആലോചിക്കുമെന്നുമാണ് ബജറ്റില്‍ പറയുന്നത്.
കേന്ദ്രത്തെ വിമര്‍ശിച്ചും കേരളത്തിന്റെ വികസനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയും കൂടിയായിരുന്നു ബജറ്റ് അവതരണം. ഭരണഘടനയുടെ ആമുഖമാണ് ബജറ്റിന്റെ പുറം ചട്ട. കേരളത്തിന്റേത് സൂര്യോദയ സമ്പദ്ഘടനയെന്ന് പറഞ്ഞായിരുന്നു ധനമന്ത്രി അവതരണം ആരംഭിച്ചതെങ്കില്‍ വള്ളത്തോളിന്റെ കവിത ചൊല്ലിയാണ് ബജറ്റ് അവതരണം അവസാനിപ്പിച്ചത്. രണ്ടര മണിക്കൂര്‍ പ്രസംഗം നീണ്ടു. ബാലഗോപാലിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം കൂടിയായിരുന്നു ഇത്.
1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. റവന്യൂ കമ്മി 27,846 കോടി രൂപയും ധനക്കമ്മി 44,529 കോടി രൂപയുമാണ്. നികുതി വരുമാനത്തില്‍ 7845 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1503 കോടി രൂപയുടെയും വര്‍ദ്ധനവ് ഈ ബജറ്റ് ലക്ഷ്യമിടുന്നു.