പൊതുമേഖലാ സ്ഥാപനമായ എച്ച്.എല്‍.എല്‍(ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ്) സ്വകാര്യമേഖലക്ക് മാത്രമേ കൈമാറുകയുള്ളൂ എന്ന തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.എല്‍.എല്‍ ഏറ്റെടുക്കുന്നതിന് ലേലത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം വിലക്കിയ സാഹചര്യത്തിലാണ് കത്തയച്ചിരിക്കുന്നത്.
നിലവില്‍ വലിയ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.എല്‍.എല്‍ സ്വകാര്യ മേഖലക്ക് മാത്രമേ വിറ്റഴിക്കുകയുള്ളൂ എന്ന കേന്ദ്ര സര്‍ക്കാരിന്റെ പിടിവാശി സഹകരണ ഫെഡറലിസത്തിന്റെ തത്വങ്ങളെ അപ്രസക്തമാക്കുകയാണെന്നും ഇത്തരം കാര്യങ്ങളില്‍ സ്വന്തമായി തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടനാനുസൃതമായി സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട് എന്നത് കേന്ദ്ര സര്‍ക്കാര്‍ മറക്കുകയാണെന്നും കത്തില്‍ പറയുന്നു.
പൊതുമേഖലയുടെ വികസനം മുന്നില്‍ക്കണ്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനു കൈമാറിയ ഭൂമിയിലാണ് എച്ച്.എല്‍.എല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അതുകൊണ്ടു തന്നെ എച്ച്.എല്‍.എല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ നിന്നൊഴിവാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ അതിനെ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായി നിലനിര്‍ത്താനുള്ള അവകാശം കേരളത്തിനുണ്ട്. അതിനാല്‍ എച്ച്.എല്‍.എല്‍-ന്റെ അധീനതയിലുള്ള ഭൂമിയും വസ്തുവകകളും കേരളത്തിനു വിട്ടു നല്‍കുകയോ അല്ലെങ്കില്‍ അതിന്റെ ലേല നടപടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയോ വേണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.