ആംബുലൻസുകൾക്ക് താരിഫ് നിശ്ചയിച്ച് കേരളം. ഇന്ത്യയിൽ ആദ്യമായി ആണ് ഒരു സംസ്ഥാനം ആംബുലൻസുകൾക്ക് താരിഫ് നിശ്ചയിക്കുന്നത്. ആംബുലൻസ് ഉടമകളുടെ സംഘടനയുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ആണ് മിനിമം നിരക്കും അധിക കിലോമീറ്ററിന് ഈടാക്കാവുന്ന നിരക്കും തീരുമാനിച്ചത് എന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കി.
“ആംബുലൻസുകളുടെ നിരക്കിന് ഇതുവരെ മാനദണ്ഡങ്ങൾ ഉണ്ടായിരുന്നില്ല. പത്ത് കിലോമീറ്റർ വരെയുള്ള ഓട്ടത്തിനാണ് മിനിമം ചാർജ് ഈടാക്കുന്നത്. എയർ കണ്ടീഷൻ ഡി-ലെവൽ ആംബുലൻസുകൾക്ക് 2500 രൂപയാണ് മിനിമം ചാർജ്. പത്ത് കിലോമീറ്റർ കഴിഞ്ഞുള്ള യാത്രകൾക്ക് കിലോമീറ്ററിന് 50 രൂപ വച്ച് അധികം ഈടാക്കാൻ കഴിയും.” മന്ത്രി അറിയിച്ചു.
വെന്റിലേറ്റർ ഉൾപ്പെടെയുള്ള സംവിധാനമുള്ള ആംബുലൻസുകൾക്ക് വെയിറ്റിങ്ങ് ചാർജായി മണിക്കൂറിന് 350 രൂപ വെച്ച് ഈടാക്കാം. ആശുപത്രിയിൽ എത്തി ആദ്യമണിക്കൂറിന് ശേഷം പിന്നീടുള്ള സമയത്തിനാണ് വെയിറ്റിങ്ങ് ചാർജ്ജ് ഈടാക്കാൻ സാധിക്കുക. എയർ കണ്ടീഷൻ സംവിധാനവും ഓക്‌സിജൻ സിലണ്ടറുമുള്ള സി ലെവൽ ആംബുലൻസുകൾക്ക് 1500 രൂപയാണ് മിനിമം ചാർജ്ജ്. സി-ലെവൽ ആംബുലൻസുകൾക്ക് വെയിറ്റിങ് ചാർജ്ജ് മണിക്കൂറിന് 200 രൂപയും അധികം വരുന്ന കിലോമീറ്ററിന് 40 രൂപ വീതവും ഈടാക്കാൻ കഴിയും.
ബി-ലെവൽ കാറ്റഗറിയിലുള്ള ആംബുലൻസുകളുടെ മിനിമം ചാർജ് 1000 രൂപയാണ്. അധികം ഓടുന്ന കിലോമീറ്ററുകൾക്കു 30 രൂപ വീതവും വെയിറ്റിങ്ങ് ചാർജായി 200 രൂപ വീതവും ഈടാക്കാം. എ-ലെവൽ ആംബുലൻസുകളിൽ എസി ഉള്ളവയ്ക്കു 800 രൂപയും എസി ഇല്ലാത്തവയ്ക്കു 600 രൂപയും ആണ് മിനിമം ചാർജ്ജ്.