Monday, April 21, 2025

ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ് കാര്‍ വാങ്ങാന്‍ 85 ലക്ഷം അനുവദിച്ച് സര്‍ക്കാര്‍

കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുതിയ കാര്‍ വാങ്ങുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതിനായി പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവും ഇറക്കി. 85,18,000 രൂപയാണ് അനുവദിച്ചത്. ഇതോടെ ബെന്‍സ് കാര്‍ തന്നെ ഗവര്‍ണറിന് ലഭ്യമാകും. പുതിയ ബെന്‍സ് കാര്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ സര്‍ക്കാരിന് കത്ത് നല്‍കിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് വിഷയത്തില്‍ തീരുമാനവുമായി സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നത്.

രണ്ട് വര്‍ഷം മുമ്പാണ് 85 ലക്ഷം രൂപയുടെ ബെന്‍സ് കാര്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്ത് നല്‍കിയത്. ഇപ്പോള്‍ ഗവര്‍ണര്‍ ഉപയോഗിക്കുന്ന ബെന്‍സിന് 12 വര്‍ഷത്തെ പഴക്കമുണ്ട്. വിവിഐപി പ്രോട്ടോക്കോള്‍ പ്രകാരം ഒരു ലക്ഷം കിലോമീറ്റര്‍ കഴിഞ്ഞാല്‍ വാഹനം മാറ്റാവുന്നതാണ്. മെക്കാനിക്കല്‍ എഞ്ചിനീയര്‍ പരിശോധന നടത്തി വാഹനം മാറ്റണം എന്നാവശ്യപ്പെട്ടിരുന്നു. നിലവിലെ വാഹനം ഒന്നര ലക്ഷം കിലോ മീറ്റര്‍ ഓടിയിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഏതാനും മാസം മുന്‍പ് ഗവര്‍ണര്‍ സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. ആവശ്യം ധന വകുപ്പ് അംഗീകരിച്ചു എങ്കിലും അന്തിമ തീരുമാനം ആയിരുന്നില്ല.

85 ലക്ഷം രൂപയുടെ ബെന്‍സ് കാര്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ സര്‍ക്കാരിന് കത്ത് നല്‍കിയെന്ന വിവരം വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. എന്നാല്‍ പുതിയ കാറിനായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടില്ലെന്നായിരുന്നു വിവാദങ്ങളോടുള്ള ഗവര്‍ണറുടെ പ്രതികരണം. പുതിയ കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള രാജ്ഭവന്‍ ഫയലില്‍ താന്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. യാത്രകള്‍ക്കായി കൂടുതലും ഉപയോഗിക്കുന്നത് ഭാര്യയ്ക്ക് അനുവദിച്ച കാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

Latest News