Friday, April 4, 2025

ജനങ്ങള്‍ ദുരിതത്തില്‍; സ്വാതന്ത്ര്യ ദിനത്തില്‍ മന്ത്രിമാര്‍ക്കും പൗരപ്രമുഖര്‍ക്കുമായുള്ള വിരുന്ന് ഒഴിവാക്കി ഗവര്‍ണര്‍

സ്വാതന്ത്ര്യ ദിനത്തിന് മന്ത്രിമാര്‍ക്കും പൗരപ്രമുഖര്‍ക്കുമായി ഗവര്‍ണര്‍ ഒരുക്കുന്ന വിരുന്ന് ഇക്കുറിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒഴിവാക്കി. ശക്തമായ മഴ കാരണം ജനങ്ങള്‍ക്കുണ്ടായ ദുരിതം കണക്കിലെടുത്താണ് വിരുന്ന് ഒഴിവാക്കിയതെന്ന് രാജ്ഭവന്‍ അറിയിച്ചു.

മുഖ്യമന്ത്രി, മന്ത്രിമാര്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ക്കായി ആഗസ്റ്റ് 15ന് വൈകുന്നേരമാണ് വിരുന്ന് നല്‍കാറുള്ളത്. പ്രളയം, കൊറോണ തുടങ്ങിയവ മൂലം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ പതിവ് മുടങ്ങിയിരുന്നു.

വിരുന്നിനായി(അറ്റ് ഹോം) മാറ്റിവെച്ച തുക മുഴുവന്‍ സംസ്ഥാനത്തെ മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനാണ് ഗവര്‍ണറുടെ തീരുമാനം. സ്വാതന്ത്ര്യ ദിനത്തില്‍ അദ്ദേഹം തിരുവനന്തപുരത്തെ ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കുമെന്നാണ് വിവരം.

ഈ തീരുമാനത്തിന് ഗവര്‍ണറും സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസവുമായി ബന്ധമില്ലെന്ന് രാജ്ഭവന്‍ വ്യക്തമാക്കി. സമയബന്ധിതമായി ഒപ്പിടാത്തതിനാല്‍ ഓര്‍ഡിനന്‍സുകള്‍ റദ്ദായത് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് നിലവില്‍ ഇരു കൂട്ടരും തമ്മിലുള്ള അഭിപ്രായവ്യത്യാസം.

 

Latest News