തെരുവുനായ്ക്കൾ പെരുകുകയും പേവിഷ ബാധയേറ്റുള്ള മരണങ്ങൾ വർധിക്കുകയും ചെയ്തതോടെ വാക്സിന്റെ പ്രവർത്തന ക്ഷമതയെക്കുറിച്ചും പേവിഷബാധയെക്കുറിച്ചും പഠനം നടത്തുവാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് കേരള സർക്കാർ. സർക്കാർ നിയോഗിച്ച ഏഴംഗ വിദഗ്ധ സമിതിയുടെ ചെയർമാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറാണ്.
പേവിഷബാധ മൂലമുള്ള മരണങ്ങൾ 2025 ആകുമ്പോഴേക്കും പൂർണമായി ഒഴിവാക്കാനുള്ള നിർദേശങ്ങൾ ഉൾപ്പെടെ ഒൻപതു കാര്യങ്ങളിൽ പഠനം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് സമിതിയോട് ആവശ്യപ്പെട്ടത്. 2022 ൽ ഇതുവരെ 21 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. ഇതിൽ 16 പേർ വാക്സിൻ എടുത്തവരായിരുന്നു. അഞ്ചു പേർ കൃത്യമായി വാക്സിനെടുത്തിട്ടും മരിച്ചു. ഇതേ തുടർന്ന് വ്യാപക പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിൽ ആണ് പഠനത്തിനായി പ്രത്യേക സമിതിയെ നിയോഗിച്ചത്.
വാക്‌സീൻ നൽകിയിട്ടും പേവിഷ മരണം സംഭവിച്ചത് സംബന്ധിച്ച് പൊതുജനങ്ങളിലുണ്ടായ ആശങ്ക വ്യക്തമാക്കി ആരോഗ്യമന്ത്രി വീണ ജോർജ്ജ് കേന്ദ്ര ആരോഗ്യമന്ത്രിക്കു കത്തയച്ചു. ഹിമാചൽപ്രദേശിൽ കസൗളിയിലുള്ള സെൻട്രൽ ഡ്രഗ് ലബോറട്ടറിയിൽ പരിശോധിച്ച് ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭിച്ച വാക്‌സീനും സീറവുമാണ് നായ്ക്കളുടെ കടിയേറ്റ് ആശുപത്രികളിൽ എത്തിയവർക്കും പിന്നീടു മരണമടഞ്ഞ അഞ്ചു പേർക്കും നൽകിയത്. ഈ ലാബാണ് ഇന്ത്യയിലെ എല്ലാ വാക്സീനും സീറവും ഗുണനിലവാരം പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതും. കേന്ദ്രനിർദേശമുണ്ടെങ്കിലേ സെൻട്രൽ ഡ്രഗ് കൺട്രോൾ ലാബ് പുനഃപരിശോധനയ്ക്കു തയാറാകൂ എന്നതിനാലാണ് കേന്ദ്രമന്ത്രിക്കു കത്തയച്ചത്. കൂടാതെ കേരളത്തിലേക്കു ലഭിച്ച രണ്ടു ബാച്ച് മരുന്നുകളിൽ വേഗം പുനഃപരിശോധന വേണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.