സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലും ഇന്ന് റെഡ് അലര്‍ട്ട് ആണ്. തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. അടുത്ത മണിക്കൂറുകളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും അതിശക്തമായ മഴയ്ക്കും മണിക്കൂറില്‍ 55 കി.മീ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മലയോര മേഖലകളിലെല്ലാം കനത്ത മഴയാണ് തുടരുന്നത്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ ആറ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരത്ത് താമസിക്കുന്നവര്‍ മാറി താമസിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂരിലും കനത്ത മഴയാണ് തുടരുന്നത്. നെടുപ്രംചാലില്‍ ഉരുള്‍പൊട്ടി ഒരു കുട്ടിയെ കാണാതായി. പേരാവൂര്‍ വെള്ളറ കോളനിയില്‍ വീട് തകര്‍ന്ന് ഒരാളെ കാണാതായി.
കോട്ടയം തീക്കോയി മാര്‍മല-അരുവിഭാഗത്ത് കൊട്ടുക്കപള്ളി എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടി. റബര്‍ തോട്ടത്തിലാണ് ഉരുള്‍ പൊട്ടിയത്. മീനച്ചിലാറ്റിലേക്കാണ് ഉരുള്‍ പതിച്ചത്. ആള്‍ത്താമസമില്ലാത്ത പ്രദേശമായതിനാല്‍ അപകടങ്ങളില്ല. അതേസമയം കനത്ത മഴയെ തുടര്‍ന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എം.ജി സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു.