Wednesday, April 2, 2025

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് കേരളത്തിലും വിവാദമാകുമ്പോള്‍ അറിഞ്ഞിരിക്കണം 2018 ലെ ഈ സുപ്രധാന കോടതി വിധി

ഹിജാബ് വിലക്കിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും തുടരുന്നതിനിടെ കേരളത്തിലും ഹിജാബ് വിവാദം തലപൊക്കിയിരിക്കുകയാണ്. മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ യുപി വിഭാഗം വരെയുള്ള കുട്ടികള്‍ക്ക് ഹിജാബ്, തട്ടം, ഷോള്‍ തുടങ്ങിയവ ധരിക്കുന്നതില്‍ നിരോധനമേര്‍പ്പെടുത്തി എന്നതാണ് കേരളത്തില്‍ ഹിജാബ് സംബന്ധിയായ പുതിയ വിവാദം. സ്‌കൂളില്‍ കുട്ടികള്‍ യൂണിഫോം നിബന്ധന പാലിക്കണമെന്നും ഹിജാബ് ധരിച്ച് ക്ലാസ്സില്‍ വരാന്‍ സമ്മതിക്കില്ലെന്നും പ്രധാനാദ്ധ്യാപികയായ സിസ്റ്റര്‍ പറയുന്ന വീഡിയോ പുറത്തു വന്നിരുന്നു. ഒരു കുട്ടിയുടെ രക്ഷിതാവ് തന്നെയാണ് അദ്ധ്യാപിക സംസാരിക്കുന്നത് മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്.

ഇതേതുടര്‍ന്ന് സ്‌കൂള്‍ ഫേസ്ബുക്ക് പേജില്‍ ഇസ്ലാമിസ്റ്റുകള്‍ സംഘടിതമായെത്തി സൈബര്‍ ആക്രമണവും നടത്തിയിരുന്നു. കന്യാസ്ത്രീകള്‍ ധരിക്കുന്ന വസ്ത്രം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ധ്യാപികയ്ക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ സൈബര്‍ അധിക്ഷേപം. കന്യാസ്ത്രീകള്‍ക്ക് തല മൂടുന്ന വിധത്തില്‍ വസ്ത്രം ധരിക്കാമെങ്കില്‍ ഹിജാബും ആവാം എന്ന വാദവും ചിലര്‍ ഉന്നയിച്ചു. സ്‌കൂളിലെ അദ്ധ്യാപികമാരെ ഫോണില്‍ വിളിച്ച് ചിലര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ തികച്ചും അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാതി ഉന്നയിക്കപ്പെട്ടിട്ടുള്ളതെന്ന് പ്രധാനാദ്ധ്യാപിക വ്യക്തമാക്കി. ‘ഈ വര്‍ഷം സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് ഷാളും മാസ്‌കും ഒരുമിച്ച് ധരിച്ച് ക്ലാസ്സില്‍ ഇരിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുവേണ്ടി ക്ലാസുകള്‍ സന്ദര്‍ശിച്ചപ്പോള്‍ ഷാള്‍ ഒഴിവാക്കാമല്ലോ എന്ന് പറഞ്ഞിട്ടുണ്ട്.

ഒരു കുട്ടിയോടും വ്യക്തിപരമായി ഷാള്‍ ഉപയോഗിക്കരുത് എന്ന രീതിയില്‍ പറയുകയോ ഷാളിന്റെ ഉപയോഗം സ്‌കൂളില്‍ വിലക്കുകയോ ചെയ്തിട്ടില്ല. പരാതി ഉന്നയിച്ച വ്യക്തിയുടെ കുട്ടി പ്രസ്തുത ദിവസത്തിലും തുടര്‍ന്നുള്ള ദിവസങ്ങളിലും ക്ലാസ്സില്‍ ഹാജരായിട്ടില്ല. കുട്ടി ജലദോഷം ആയതിനാലാണ് ക്ലാസില്‍ ഹാജരാകാത്തത് എന്നാണ് ക്ലാസ് ടീച്ചര്‍ അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. മറ്റാരോ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാതെയാണ് അദ്ദേഹം ഈ പരാതിയുമായി മുന്നോട്ടു പോകുന്നത്’.

കര്‍ണാടകയിലെ ഹിജാബ് വിവാദം കേരളത്തിലേക്കും വ്യാപിപ്പിക്കാനുള്ള തീവ്ര മുസ്ലിം സംഘടനകളുടെ ശ്രമങ്ങള്‍ക്കിടയിലാണ് മാനന്തവാടി ഹിജാബ് വിഷയം ഉണ്ടാവുന്നത്. ഹിജാബ് വിവാദം കേരളത്തിലും തലപൊക്കിയിരിക്കുന്ന ഈ സാഹചര്യത്തില്‍ സ്‌കൂളുകളിലെ ഹിജാബ് ധാരണം സംബന്ധിച്ച് 2018 ല്‍ കേരള ഹൈക്കോടതി നടത്തിയ ഒരു വിധി വീണ്ടും ഓര്‍മിക്കേണ്ടത് അത്യാവശ്യമാണ്.

സ്‌കൂള്‍ യൂണിഫോം വിഷയത്തില്‍ കേരള ഹൈക്കോടതിയില്‍നിന്നു തികച്ചും വ്യത്യസ്തമായ വിധിയാണ് 2018ലുണ്ടായത്. സി.ഐം.ഐയുടെ നിയന്ത്രണത്തിലുള്ള ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ പന്ത്രണ്ട് വയസുകാരിയായ ഫാത്തിമ തസ്‌നീം, മൈനറായ ഹഫ്‌സ പര്‍വീണ്‍ എന്നിവരായിരുന്നു വാദികള്‍. (പ്രായപൂര്‍ത്തി ആവാത്ത ഇവര്‍ക്കുവേണ്ടി ഇവരുടെ മാതാപിതാക്കളാണ് കേസ് കൊടുത്തത്). പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍, സി.ബി.എസ്.ഇ. സെക്രട്ടറി, ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ പ്രിന്‍സിപ്പള്‍, മാനേജര്‍ എന്നിവരായിരുന്നു എതിര്‍ കക്ഷികള്‍. തല മൂടുന്ന സ്‌കാര്‍ഫും കൈ മുഴുവന്‍ മറയ്ക്കുന്ന കുപ്പായവും യൂണിഫോമിനൊപ്പം ധരിക്കുവാന്‍ അനുവദിക്കണം എന്നതായിരുന്നു കോടതിക്ക് മുന്നിലുള്ള വിദ്യാര്‍ത്ഥികളുടെ അപേക്ഷ. സ്‌കൂളിലെ ഡ്രസ് കോഡിന് അനുസൃതമല്ല ഈ രണ്ട് ആവശ്യങ്ങളും എന്നായിരുന്നു സ്‌കൂളിന്റെ നിലപാട്.

പ്രസ്തുത കേസില്‍ വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് നടത്തിയ പരാമര്‍ശങ്ങള്‍ ഇങ്ങനെയായിരുന്നു…

‘ധരിക്കുന്ന വസ്ത്രത്തിന്റെ കാര്യത്തില്‍ ഓരോ വ്യക്തികള്‍ക്കും സ്വന്തം ധാരണകളും വിശ്വാസങ്ങളും അനുസരിച്ച് തീരുമാനമെടുക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതുപോലെ തന്നെ ഒരു സ്ഥാപനം നടത്തുന്ന സ്വകാര്യ സംരംഭത്തിന് അത് തങ്ങളുടെ താല്പര്യത്തിനനുസരിച്ച് നടത്തുവാനുള്ള മൗലികാവകാശവുമുണ്ട്. പെറ്റിഷന്‍ നല്‍കിയവര്‍ക്ക് തങ്ങളുടെ ഇഷ്ടമനുസരിച്ചുള്ള വസ്ത്രം തിരഞ്ഞെടുക്കാന്‍ മൗലികാവകാശമുണ്ട് എന്ന വാദത്തില്‍ തര്‍ക്കമില്ല. പക്ഷേ ഒരു സ്ഥാപനം ആരംഭിക്കാനും നോക്കിനടത്തുവാനുമുള്ള അവകാശവും മേല്‍പ്പറഞ്ഞതിന് തുല്യമായ ഒരു മൗലികാവകാശമാണ്.

രണ്ട് അവകാശങ്ങള്‍ തമ്മിലുള്ള മുന്‍ഗണന നിര്‍ണ്ണയിക്കേണ്ടി വരുമ്പോള്‍ വ്യക്തിയുടെ താല്പര്യം പൊതു താല്പര്യത്തിന് കീഴ്‌പ്പെടേണ്ടിവരും. ഈ കേസില്‍ ശക്തമായ താല്പര്യം മാനേജ്‌മെന്റിന്റേതാണ്. തങ്ങളുടെ സ്ഥാപനം സ്വതന്ത്രമായി നടത്തുവാന്‍ മാനേജ്‌മെന്റിനെ അനുവദിച്ചില്ലെങ്കില്‍ അത് അവരുടെ മൗലികാവകാശത്തെ ഇല്ലാതാക്കുന്ന സ്ഥിതിയുണ്ടാക്കും. വ്യക്തി താല്പര്യം പൊതു താല്പര്യത്തിന് കീഴ്‌പെടണം. ഇവിടെ വ്യക്തിയുടെ അവകാശം നിഷേധിക്കുകയല്ല, മറിച്ച് കൂടുതല്‍ വ്യാപ്തിയുള്ള പൊതുവായ അവകാശങ്ങള്‍ നിലനിര്‍ത്തുകയും അതോടൊപ്പം സ്ഥാപനവും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം നിലനിര്‍ത്തുകയും ചെയ്യുകയാണ്. പരാതിക്കാര്‍ക്ക് കൂടുതല്‍ വ്യാപ്തിയുള്ള സ്ഥാപനത്തിന്റെ അവകാശങ്ങള്‍ക്ക് മേല്‍ തങ്ങളുടെ വ്യക്തിപരമായ അവകാശങ്ങള്‍ അടിച്ചേല്‍പ്പിക്കാനാവില്ല.

മുഴുക്കയ്യുള്ള ഷര്‍ട്ടും തല മറയ്ക്കുന്ന സ്‌കാര്‍ഫും ധരിച്ച് പഠിക്കാന്‍ അനുവദിക്കണമെന്ന പെറ്റിഷന്‍ നല്‍കിയവര്‍ക്ക് സ്ഥാപനത്തില്‍ പഠിക്കാമോ എന്ന് തീരുമാനിക്കേണ്ടത് സ്ഥാപനമാണ്. ഇക്കാര്യത്തിലെ തീരുമാനം പൂര്‍ണ്ണമായി സ്ഥാപനത്തിന്റെ അധികാര പരിധിയിലാണ് വരുന്നത്. ഇത്തരമൊരു അപേക്ഷ പരിഗണിക്കണം എന്നു പോലും സ്ഥാപനത്തിനോട് നിര്‍ദ്ദേശിക്കാന്‍ കോടതിക്കാവില്ല. അത് കൊണ്ട് റിട്ട് പെറ്റിഷന്‍ തള്ളിക്കളയുന്നു. പെറ്റീഷന്‍ നല്‍കിയവര്‍ സ്ഥാപനത്തെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചാല്‍ മറ്റ് പരാമര്‍ശങ്ങളൊന്നും കൂടാതെ അത് നല്‍കേണ്ടതാണ്. സ്‌കൂളിലെ ഡ്രസ് കോഡ് അനുസരിക്കാന്‍ പെറ്റീഷന്‍ നല്‍കിയവര്‍ തയ്യാറാണെങ്കില്‍ അവര്‍ക്ക് ഈ സ്‌കൂളില്‍ തുടരാം എന്നതില്‍ സംശയം വേണ്ട’.

ഈ വിധിയിക്കെതിരെ പെണ്‍കുട്ടികളുടെ പിതാവ് ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കി. എന്നാല്‍, ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തള്ളുകയായിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ സ്വകാര്യ സ്ഥാപനം സ്വന്തം ഇഷ്ടത്തിന് നടത്താനുള്ള അവകാശത്തിനാണ് തല മറയ്ക്കാന്‍ ഒരു വ്യക്തിക്കുള്ള അവകാശത്തേക്കാള്‍ മൂല്യം എന്നാണ് കോടതി വിധി. 2018 ലെ പ്രസ്തുത കേരള ഹൈക്കോടതി വിധി അനുസരിച്ച് മാനന്തവാടി സ്‌കൂളിന് സ്വന്തം തീരുമാനം നടപ്പാക്കുന്നതില്‍ യാതൊരു തടസ്സവുമില്ല എന്നു സാരം.

 

 

 

Latest News