സുപ്രീം കോടതി ജഡ്ജിയായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടിയെ നിയമിക്കാന്‍ കൊളീജിയത്തിന്റെ ശുപാര്‍ശ. എസ്.വി. ഭട്ടിക്കു പുറമെ തെലുങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉജ്ജല്‍ ഭുയാനെയും കൊളീജിയം ശുപാര്‍ശ ചെയ്തു. സുപ്രീം കോടതിയിലെ മൂന്ന് ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായാണ് നടപടി.
രാജ്യത്തെ പരമോന്നത കോടതിയിലെ ജസ്റ്റിസ് കെ.എം. ജോസഫ്, അജയ് രസ്തോഗി, വി. രാമസുബ്രഹ്മണ്യന്‍ എന്നീ ജഡ്ജിമാര്‍ വിരമിച്ച ഒഴിവിലേക്കാണ് പുതിയ ശുപാര്‍ശ. കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കിൽ ഇരുവരെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കും. ജസ്റ്റിസ് എസ്.വി. ഭട്ടി 2013 ഏപ്രില്‍ 12-നാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിയായത്. 2019 മാര്‍ച്ച് മുതല്‍ കേരള ഹൈക്കോടതിയില്‍ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം കഴിഞ്ഞ മാസം ഒന്നിനാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.