കൊച്ചി നഗരത്തില്‍ അപകടകരമായ രീതിയില്‍ തൂങ്ങിക്കിടക്കുന്ന കേബിളുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. കൊച്ചി കോര്പ്പറേഷന്, കെഎസ്ഇബി അടക്കമുള്ളവര്‍ക്കാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കേബിളുകളില്‍ കുടുങ്ങി യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുന്നത് ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് കോടതി നിര്‍ദേശം. കഴിഞ്ഞദിവസം കൊച്ചിയില്‍ കേബിളില്‍ കുരുങ്ങി ഇരുചക്ര വാഹന യാത്രക്കാരന് പരുക്കേറ്റ സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ മന്ത്രി ആന്റണി രാജു റോഡ് സുരക്ഷാ കമ്മീഷണര്‍ എസ്.ശ്രീജിത്ത് അടക്കമുള്ളവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
റോഡുകളിലും പാതയോരങ്ങളിലും അലക്ഷ്യമായി കേബിളുകളും വയറുകളും താഴ്ന്ന്കിടക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉത്തരവാദികളായിരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്തെ റോഡുകളില്‍ കിടക്കുന്ന കേബിളുകളും വയറുകളും അലക്ഷ്യമായി താഴ്ന്ന്കിടക്കുന്നതുമൂലം ഇരുചക്രവാഹന യാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും നിരന്തരം ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് കര്‍ശന നടപടി.
പൊതുനിരത്തിലെ അപകടകരമായ വസ്തുക്കള്‍ നീക്കുന്നതിന് ഉത്തരവിടാനുള്ള അധികാരം 2007ലെ കേരള റോഡ് സേഫ്ടി അതോറിറ്റി ആക്ടിലെ 14ാം വകുപ്പ് പ്രകാരം റോഡ് സുരക്ഷാ അതോറിറ്റിയ്ക്ക് ഉണ്ട്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യേണ്ടിവരും.