ലുലു മാളില്‍ എത്തുന്ന ഉപഭോക്താക്കളില്‍ നിന്ന് പാര്‍ക്കിങ് ഫീസ് ഈടാക്കുന്നതിന് നിയമതടസമില്ലെന്ന് ഹൈക്കോടതി. ബില്‍ഡിങ് റൂള്‍ പ്രകാരമുള്ള വിപുലമായ പാര്‍ക്കിങ് സ്ഥലമാണ് ലുലു മാളിലുള്ളത്. ഇതേ ബില്‍ഡിങ്ങിലെത്തുന്നവരുടെ വാഹന പാര്‍ക്കിങ്ങിനായി ഫീസ് ഈടാക്കുന്നത് നിയമപരമാണെന്ന് ജസ്റ്റിസ് വി ജി അരുണ്‍ വ്യക്തമാക്കി.
ഇടപ്പള്ളി ലുലു മാളില്‍ പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തിയതിനെതിരെ കളമശേരി സ്വദേശി ബോസ്‌കോ ലൂയിസ്, തൃശൂര്‍ സ്വദേശി പോളി വടക്കന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി. മാളില്‍ പാര്‍ക്കിങ് സൗകര്യം നല്‍കേണ്ടത് ലുലുവിന്റെ നിയമപരമായ ബാധ്യതയാണെന്നും ഫീസ് പിരിക്കാനാകില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.
വാണിജ്യ സ്ഥാപനങ്ങളിലും ഷോപ്പിങ് മാളുകളിലും പാര്‍ക്കിങ് ഫീസ് ഈടാക്കുന്ന കാര്യത്തില്‍ തീരുമാനം സ്ഥാപന ഉടമയുടേതാണെന്നും ഉപഭോക്താക്കളില്‍ നിന്ന് പാര്‍ക്കിങ് ഫീസ് പിരിക്കണോയെന്ന് കെട്ടിട ഉടമയ്ക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. കേരള മുന്‍സിപ്പാലിറ്റി ബില്‍ഡിങ് ചട്ടത്തില്‍ നിശ്ചിതയളവില്‍ പാര്‍ക്കിങ് ഏരിയ വേണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ടെങ്കിലും ഇവിടെ ഫീസ് പിരിക്കുന്നതിന് വിലക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.