Monday, November 25, 2024

ഇന്ന് കേരളത്തിന് 67 വയസ്; ഒരു നവ കേരളത്തിനായി കൈകോർക്കാം

ഇന്ന് നവംബർ ഒന്ന്. കേരളപ്പിറവി. 67 വർഷങ്ങൾക്കു മുൻപ് 1956 ൽ തിരുവിതാംകൂർ, കൊച്ചി, മലബാർ, കാസർകോട് എന്നിവ ചേർത്ത് കേരളം എന്ന കൊച്ചു സംസ്ഥാനം രൂപീകരിക്കപ്പെട്ടു. അന്ന് പ്രകൃതി ഭംഗിയാലും പുരോഗമന ചിന്തകളാലും നേരും നെറിയും ഉള്ള ഭരണാധികളാലും നന്മയുള്ള മനുഷ്യ മനസിന്റെ ഉടമകളാൽ സമ്പന്നമായിരുന്നു കേരളം. ആ കേരളത്തെ ആണ് സഞ്ചാരികൾ ‘ഗോഡ്സ് ഓൺ കൺട്രി’ എന്ന് വിശേഷിപ്പിച്ചത്. എന്നാൽ ഇന്നോ? ദൈവത്തിന്റെ സ്വന്തം നാടെന്നുള്ള ആ വിളിപ്പേരിനോട് ആത്മാർത്ഥത പുലർത്തണം എങ്കിൽ കേരളം ഒരുപാട് മുന്നിലേയ്ക്ക് സഞ്ചരിക്കണം. മാറ്റങ്ങൾ വരുത്തണം.

കോവിഡ് മഹാമാരിക്കാലം അതിജീവിച്ച് ജനം സാധാരണ ജീവിതത്തിലേക്ക് നീങ്ങുന്ന കാലത്താണ് കേരള പിറവി ദിനം വീണ്ടും എത്തുന്നത്. തുടർച്ചയായി എത്തുന്ന പ്രളയക്കെടുതിയും കൊറോണ മഹാമാരിയുടെ വ്യാപനവും പ്രകൃതി ദുരന്തങ്ങളും നമ്മെ പ്രകൃതിയിലേക്ക് മടങ്ങാനും പ്രകൃതി സൗഹൃദ വികസനപ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാനും പ്രേരിപ്പിക്കുന്നു. പ്രകൃതി ചൂഷണം അവസാനിപ്പിച്ച് അതിനെ ചേർത്തു പിടിച്ചില്ലെങ്കിൽ സമീപഭാവിയിൽ കൂടുതൽ ദുരന്തങ്ങൾക്ക് കേരളം സാക്ഷിയാകേണ്ടി വരും എന്ന ഓർമപ്പെടുത്തലിലാണ് ഈ കേരളപ്പിറവി ദിനം കടന്നു പോകുന്നത്.

കേരളം, മലയാളി എന്നീ പദങ്ങൾക്ക് പ്രാദേശികതയുടെ ഇടുങ്ങിയ വൈകാരികതയ്ക്കപ്പുറത്ത് വിശാലവും വിശുദ്ധവുമായ ഒരു അർത്ഥമുണ്ടായിരുന്ന കാലം ഉണ്ടായിരുന്നു. കേരളത്തിന്റെ സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹികബോധം, രാഷ്ട്രീയപ്രബുദ്ധത, കാർഷിക സമൃദ്ധി, ശാസ്ത്രീയാവബോധം എന്നിവയിൽ മറ്റു സംസ്ഥാനങ്ങൾ പോലും അസൂയ പൂണ്ടിരുന്നു. എന്നാൽ ഇന്ന് അതൊക്കെ മലയാള മണ്ണിനു കൈമോശം വന്നിരിക്കുകയാണ്. ചെറിയ കുട്ടികളിൽ പോലും ക്രിമിനൽ വാസന നിറഞ്ഞിരിക്കുന്ന അവസ്ഥയിലേയ്ക്ക് നാം കൂപ്പുകുത്തിയിരിക്കുന്നു. കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാർ, സ്നേഹത്തിന്റെ പേരിൽ കൂടിവരുന്ന കൊലപാതകങ്ങളും ആക്രമണങ്ങളും, സഹപാഠികളെ കൊല്ലുന്ന വിദ്യാർത്ഥികൾ, രക്തച്ചൊരിച്ചിലിലേയ്ക്ക് നയിക്കപ്പെടുന്ന അന്ധവിശ്വാസങ്ങൾ. കേരളത്തിന്റെ മനസാക്ഷിയെ കുത്തിനോവിക്കുന്ന കൊലപാതക പരമ്പരകൾ അരങ്ങേറുകയാണ് ഇവിടെ. ഇത്തരം കുറ്റകൃത്യങ്ങൾ വർദ്ധിക്കുമ്പോൾ നാം എവിടെയാണ് മാറ്റം വരുത്തേണ്ടത് എന്ന് ചിന്തിക്കുവാൻ ഈ കേരള പിറവി നമ്മെ ഓർമിപ്പിക്കുന്നു. കേരള മണ്ണ് സംശുദ്ധമായി കാത്തു സൂക്ഷിച്ച ഒരു തലമുറ ഏറ്റെടുത്ത ഉത്തരവാദിത്വത്തിന്റെ പിന്തുടർച്ച ഏറ്റെടുക്കൽ ആവണം മാറ്റങ്ങൾ വരുത്തുവാനുള്ള ഓരോ തീരുമാനവും.

അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് തൊഴിൽ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും വരുത്തേണ്ട മാറ്റങ്ങൾ. തൊഴിലവസരങ്ങളുടെ കുറവും കുറഞ്ഞ വേതനവും ഉയർന്നു വരുന്ന ചിലവും ഈ നാടുവിടുവാൻ യുവ തലമുറയെ പ്രേരിപ്പിക്കുന്നു. മാറ്റങ്ങൾ വരുത്തേണ്ട മേഖലകൾ ഏറെയാണ്. മാറേണ്ട ചിന്തകളും ഏറെ. പുതിയ തീരുമാനങ്ങളും ചിന്തകളും ആശയങ്ങളുമായി ഒരു നവകേരളത്തിനായി നമുക്ക് കൈ കോർക്കാം.

Latest News