കേരളത്തിലെ 21 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ)യുടെ ഈറ്റ് റൈറ്റ് സ്റ്റേഷന്‍ അംഗീകാരം. യാത്രക്കാര്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനായി എഫ്എസ്എസ്എഐയുടെ നേതൃത്വത്തിലുള്ള ഈറ്റ് റൈറ്റ് ഇന്ത്യാ മൂവ്‌മെന്റിന് കീഴിലുള്ള സംരംഭങ്ങളിലൊന്നായ ഈറ്റ് റൈറ്റ് റെയില്‍വേ സ്റ്റേഷന്‍ പദ്ധതിയിലാണ് കേരളത്തിലെ 21 സ്റ്റേഷനുകള്‍ക്ക് അംഗീകാരം ലഭിച്ചത്.
രാജ്യത്ത് 114 റയില്‍വേ സ്റ്റേഷനുകള്‍ക്കാണ് ഈറ്റ് റൈറ്റ് സ്റ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. അവയില്‍ ഏറ്റവും കൂടുതല്‍ അംഗീകാരം ലഭിച്ച സ്റ്റേഷനുകള്‍ കേരളത്തിലാണ്. പരപ്പനങ്ങാടി, ചാലക്കുടി, തലശ്ശേരി, കണ്ണൂര്‍, പാലക്കാട് ജങ്ഷന്‍, ചെങ്ങന്നൂര്‍, ഷൊര്‍ണൂര്‍ ജങ്ഷന്‍, തിരൂര്‍, വടകര, ചങ്ങനാശ്ശേരി, ആലപ്പുഴ, വര്‍ക്കല, കരുനാഗപ്പള്ളി, അങ്കമാലി, ആലുവ, തിരുവല്ല, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം എന്നീ റെയില്‍വേ സ്റ്റേഷനുകള്‍ക്കാണ് ഈറ്റ് റൈറ്റ് സ്റ്റേഷന്‍ അംഗീകാരം ലഭിച്ചത്.
റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലെ റീട്ടെയില്‍ ഔട്ട്ലെറ്റ്(സ്റ്റാറ്റിക്), റീട്ടെയില്‍ കം കാറ്ററിംഗ് സ്ഥാപനം (സ്റ്റാറ്റിക്), ഫുഡ് പ്ലാസ/ ഫുഡ് കോര്‍ട്ടുകള്‍/ റെസ്റ്റോറന്റുകള്‍ പെറ്റി ഫുഡ് വെണ്ടര്‍മാര്‍/ സ്റ്റാളുകള്‍/ കിയോസ്‌കുകള്‍ (സ്റ്റാറ്റിക്/ മൊബൈല്‍), കൂടാതെ സ്റ്റേഷന്‍ യാര്‍ഡിലെ വെയര്‍ഹൗസ്, ബേസ് കിച്ചണ്‍ തുടങ്ങിയവയെല്ലാം ഈ പദ്ധതിയുടെ കീഴില്‍ വരുന്നവയാണ്. ഇവിടെയെല്ലാം ഭക്ഷ്യ സുരക്ഷാ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കുമ്പോഴും സുരക്ഷാ മാനദണ്ഡം പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തിയ ശേഷമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.