Tuesday, November 26, 2024

ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉള്ള സംസ്ഥാനമായി കേരളം

രാജ്യത്ത് ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉള്ള സംസ്ഥാനമെന്ന ഖ്യാതി ഇനി കേരളത്തിന് സ്വന്തം. 46 ഫൈവ് സ്റ്റാർ ഹോട്ടലുകളുമായി മഹാരാഷ്ട്രയെ പിന്തള്ളിയാണ് കേരളം ഒന്നാമതെത്തിയത്. ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന കേരളത്തിൽ പഞ്ചായത്തുകളിൽ വരെ മദ്യനയവുമായി ബന്ധപ്പെട്ട് പഞ്ച നക്ഷത്ര ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്.

‘ഇന്ത്യയിലെ ഏറ്റവുമധികം പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനമായി കേരളം മാറിയതിൽ അത്ഭുതമില്ല. വിനോദ സഞ്ചാര മേഖലയുടെ പ്രോത്സാഹനത്തിനായി സർക്കാർ മുൻകൈയെടുത്ത് മികച്ച പ്രചാരണം സംഘടിപ്പിക്കുന്ന സംസ്ഥാനമാണു കേരളം.’ ആഡംബര ഹോട്ടൽ ബ്രാൻഡായ ഒ ബൈ താമരയുടെ ഉടമസ്ഥർ പറയുന്നു. ലോകത്തെ ആദ്യ 50 ഡെസ്റ്റിനേഷനുകൾക്കൊപ്പം കേരളത്തെയും ന്യൂയോർക്ക് ടൈംസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ നേട്ടം കേരളത്തിലെ ഹോസ്പിറ്റാലിറ്റി, വിനോദ സഞ്ചാര വ്യവസായങ്ങൾക്ക് കാര്യമായ മുന്നേറ്റം നേടിക്കൊടുക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.

സംസ്ഥാനത്തെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലെന്ന പെരുമയോടെ ഇന്ത്യ ടൂറിസം വികസന കോർപറേഷന്റെ (ഐടിഡിസി ) അശോക് ബീച്ച് റിസോർട്ടിലൂടെയാണു തലസ്ഥാനത്തെ മത്സ്യബന്ധന ഗ്രാമമായിരുന്ന കോവളം ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായത്. യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള വിനോദ സഞ്ചാരികളുടെ പ്രിയ ഹോട്ടലായിരുന്ന കോവളം അശോക, 2022 ഡിസംബറിൽ അശോക റാവിസ് കോവളം ആയി മാറിയിട്ടുണ്ട്.

Latest News