Monday, November 25, 2024

തൊഴിലുറപ്പിലും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിലും കേരളം മുന്നില്‍

വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നില്‍. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന ദിശ യോഗത്തിലാണ് വിലയിരുത്തല്‍. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടെ കേരളം മിന്നുന്ന പ്രകടനം കാഴ്ച വെച്ച് ഒന്നാം സ്ഥാനത്താണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീ പങ്കാളിത്തത്തില്‍ കേരളം രാജ്യത്ത് ഒന്നാമതാണെന്നാണ് കണക്കുകള്‍. കേരളത്തിലെ സ്ത്രീ പങ്കാളിത്തം 89.42 ശതമാനമായി ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ ദേശീയ ശരാശരി 54.7 ശതമാനം മാത്രമാണ്.

ഈ വര്‍ഷം മാത്രം 2474 കോടി രൂപ സ്ത്രീകളുടെ കൈകളില്‍ എത്തിക്കാന്‍ പദ്ധതിയിലൂടെ കഴിഞ്ഞു. പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനം നല്‍കുന്ന കാര്യത്തിലും കേരളം ഒന്നാമതാണ്. ദേശീയ തലത്തില്‍ 12ശതമാനമായി നില്‍ക്കെ കേരളത്തിലിത് 40ശതമാനമാണ്.

പട്ടികജാതി കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ കേരളം ദേശീയതലത്തില്‍ രണ്ടാമതാണ്. ദേശീയതലത്തിലെ നിരക്ക് 48 ശതമാനമായിരിക്കെ കേരളത്തില്‍ ഇത് 67 ശതമാനമാണ്. തൊഴിലാളികള്‍ക്ക് വേതനം സമയബന്ധിതമായി വിതരണം ചെയ്യുന്ന ആദ്യ നാല് സംസ്ഥാനങ്ങളില്‍ കേരളമുണ്ട്. 99.55 ശതമാനം പേര്‍ക്കും കേരളം വേതനം കൃത്യസമയത്ത് ലഭ്യമാക്കി. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ട് മാസത്തില്‍ തന്നെ 54 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് കേരളം മികച്ച പ്രകടനവുമായി മുന്നോട്ട് കുതിക്കുകയാണ്.

 

Latest News